കോഴിക്കോട്: പെട്രോൾ പമ്പ് ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെ നേതാക്കളെ പദവിയിൽനിന്ന് മാറ്റി പ്രശ്നങ്ങളിൽനിന്ന് ‘തലയൂരാൻ’ ബി.ജെ.പി. കൈക്കൂലി വിവാദം ബി.ജെ.പി -ആർ.എസ്.എസ് പരസ്യ പോരിലേക്ക് നീങ്ങിയതോടെയാണ് പെട്ടെന്നുള്ള നടപടി.
സംഘ്പരിവാർ അനുഭാവിയും പെട്രോൾ പമ്പുടമയുമായ പാലേരി സ്വദേശി പ്രജീഷ് പേരാമ്പ്രയിലെ ബി.ജെ.പി നേതാക്കൾക്കെതിരെ ഉയർത്തിയ കൈക്കൂലി ആരോപണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാനും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മണ്ഡലം ജനറല്‍ സെക്രട്ടറി കെ. രാഘവന് മുതുവണ്ണാച്ച, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലില്‍ എന്നിവരെ പാര്‍ട്ടി ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്താനുമാണ് ജില്ല കോർ കമ്മിറ്റി യോഗം തീരുമാനിച്ചത്.
കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് ജനുവരി പത്തിന് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തിൽ സ്ത്രീകളുള്‍പ്പെടെ പങ്കെടുത്ത പാർട്ടിയുടെ ഔദ്യോഗിക യോഗത്തിലേക്ക് അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയവരെ പ്രാഥമികാംഗത്വത്തില്‍നിന്ന് മാറ്റിനിര്ത്തുന്നതടക്കം നടപടി സ്വീകരിക്കാന്‍ യോഗം സംസ്ഥാന കമ്മിറ്റിയോട് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്.
കൈക്കൂലി വിവാദം ഒതുക്കിത്തീർക്കാൻ നേതൃനിരയിലുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും ആർ.എസ്.എസ് ശക്തമായ നിലപാടെടുത്തതാണ് നേതാക്കളെ പദവിയിൽനിന്ന് മാറ്റിനിർത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
കൈക്കൂലി ആരോപണവിധേയരെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നായിരുന്നു ആർ.എസ്.എസ് ആദ്യം ആവശ്യപ്പെട്ടത്. പ്രജീഷിന്റെ കുറ്റ്യാടിയിലെ പെട്രോൾ പമ്പിൽനിന്ന് ബി.ജെ.പി മണ്ഡലം സെക്രട്ടറി കെ. രാഘവൻ മുതുവണ്ണാച്ച പണം വാങ്ങി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലിലും പലതവണയായി 1,10,000 രൂപ വാങ്ങിച്ചെന്നാണ് പ്രജീഷ് ആരോപിച്ചത്. പ്രജീഷ് കല്ലോട് മൂരികുത്തിയിൽ പുതിയ പെട്രോൾ പമ്പ് തുടങ്ങുന്നുണ്ട്. ഇതിന്റെ പ്രവൃത്തി അനുവദിക്കണമെങ്കിൽ കൊടുത്ത പണത്തിനു പുറമെ ഒന്നരലക്ഷം രൂപകൂടി നൽകണമെന്ന് ബി.ജെ.പി ഭാരവാഹികൾ ആവശ്യപ്പെട്ടെന്നാണ് പ്രജീഷ് വെളിപ്പെടുത്തിയത്.
പമ്പ് ഉടമയോട് കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു ജനുവരി പത്തിനു ചേർന്ന ബി.ജെ.പി മണ്ഡലം നേതൃയോഗം ആർ.എസ്.എസിലെ ഒരുവിഭാഗം കൈയേറിയത്. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് നടപടിയുണ്ടാൽ അതിനെ പ്രതിരോധിക്കാനാണ് ഇവരുടെ തീരുമാനം എന്നാണ് വിവരം.
ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്റെ അധ്യക്ഷതയിൽ മാരാർജി ഭവനിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറിയും ജില്ല പ്രഭാരിയുമായ അഡ്വ. കെ. ശ്രീകാന്ത്, സഹപ്രഭാരി കെ. നാരായണ, മേഖല അധ്യക്ഷൻ ടി.പി. ജയചന്ദ്രൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ, ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണൻ, മേഖല സംഘടന സെക്രട്ടറി ജി. കാശിനാഥ്, ജില്ല ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.