കോഴിക്കോട്: ലോക്ഡൗൺ കാലത്ത് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന 'ഉദയം ഹോം' പദ്ധതിക്ക് പുതിയ വീടൊരുങ്ങി. ചേവായൂർ ത്വക്രോഗ ആശുപത്രിവളപ്പിലാണ് പുതിയകെട്ടിടം. ആശുപത്രി വളപ്പിൽ നേരത്തേയുണ്ടായിരുന്ന കെട്ടിടങ്ങൾ പൂർണമായും നവീകരിച്ചും ചിലത് പുതുതായി നിർമിച്ചുമാണ് തെരുവിൽ കഴിഞ്ഞവരെ പുനരധിവസിപ്പിക്കുന്നത്. ആശുപത്രിവളപ്പിലെ മുറ്റമടക്കം ടൈൽസ് പാക്കി മനോഹരമാക്കി. നിലവവാരമുള്ള ഡൈനിങ് ഹാളും അടുക്കളയുമാണ് ഇവിടെ ഒരുക്കിയത്.
സേവനത്തിന് മുഴുവൻ സമയവും ജീവനക്കാർ ഇവിടെയുണ്ടാവും. മുൻ എം.എൽ.എയും, വി.കെ.സി ഗ്രൂപ് സ്ഥാപകനുമായ വി.കെ.സി. മമ്മദ്കോയ സംഭാവനയായി നൽകിയ ഒരു കോടി രൂപയാണ് ഉദയം ഭവനം സ്വപ്നത്തിൽനിന്ന് യാഥാർഥ്യത്തിലേക്ക് എത്തിക്കാൻ പ്രേരകശക്തിയായതെന്ന് ജില്ല കലകട്ർ അറിയിച്ചു. ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് 50 ലക്ഷം രൂപയും നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ലാഭം എടുക്കാതെ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു.
ജില്ല ഭരണകൂടം, സാമൂഹികനീതി വകുപ്പ്, കോഴിക്കോട് ജില്ല പഞ്ചായത്ത്, കോഴിക്കോട് കോര്പറേഷന് എന്നിവരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 400 പേരാണ് വെള്ളിമാട്കുന്ന്, മാങ്കാവ് തുടങ്ങിയ ഉദയം ഹോമുകളിൽ കഴിയുന്നത്.
2020ൽ ആദ്യ ലോക്ഡൗൺകാലത്താണ് പദ്ധതിക്ക് തുടക്കമായത്. ദിവസേനെയുള്ള ഭക്ഷണം ഉൾപ്പെടെ ചെലവുകൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്താലാണ് സാധ്യമാക്കുന്നത്.
ഒരുവർഷത്തിനുള്ളിൽ 1400 പേർക്ക് പുനരധിവാസം ഉറപ്പാക്കാനായി എന്നാണ് കണക്ക്. ഈ ലോക്ഡൗൺ കാലത്തും തെരുവുകളിൽനിന്ന് നിരവധിപേരെ ഉദയം ഹോമുകളിലേക്ക് മാറ്റിയിരുന്നു.
മാനസിക- ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് മികച്ച ആരോഗ്യപരിരക്ഷ നൽകാനും ഭക്ഷണം, വസ്ത്രം, ജോലി തുടങ്ങിയവ ഇവർക്ക് ഉറപ്പാക്കാൻ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇനിയും ഉണ്ടാകണമെന്ന് ജില്ല കലക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.