കോഴിക്കോട്: നഗരസഭ തെരഞ്ഞെടുപ്പ് വാതിൽക്കലെത്തി നിൽക്കെ കോർപറേഷൻ ഓഫിസിൽ വോട്ട് തള്ളിക്കാനെത്തിയവരുടെ തിരക്ക്. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനുള്ള അവസാന ദിവസമായ ശനിയാഴ്ച അപേക്ഷകളും രേഖകളുമായി നിരവധിയാളുകളെത്തി. നഗരത്തിലെ 75 വാർഡുകളിൽനിന്നുമെത്തിയവർ തമ്മിൽ ഉച്ചക്കുശേഷം വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. സ്ഥലത്തില്ലെന്നും സ്ഥിരതാമസമില്ലെന്നും മറ്റും കാണിച്ച് എതിർചേരിയിലെ വോട്ടുകൾ തള്ളിക്കാനെത്തിയവരായിരുന്നു ഭൂരിപക്ഷവും. അവസാന ദിവസങ്ങളിൽ നഗരസഭ കൂടുതൽ ജീവനക്കാരെ ചുമതലപ്പെടുത്തിയെങ്കിലും കൂടുതൽ പേർ എത്തിയതിനാൽ കോവിഡ് നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടായി.
േകാർപറേഷൻ ജീവനക്കാരുടെ ഒത്താശയോടെ ഇടതു പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരുടെ വോട്ട് തള്ളിക്കാൻ ആസൂത്രിത നീക്കം നടത്തുന്നതായാണ് യു.ഡി.എഫിെൻറ ആരോപണം. എൽ.ഡി.എഫ് പ്രവർത്തകർ കൂട്ടമായെത്തി യു.ഡി.എഫ് വോട്ടുകൾ തള്ളാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി.
അപേക്ഷ നൽകേണ്ട കൗണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും വാക്കേറ്റത്തിന് കാരണമായി. യു.ഡി.എഫ് വോട്ടുകൾ നീക്കം ചെയ്യാനുള്ള എൽ.ഡി.എഫ് ശ്രമത്തിന് കോർപറേഷൻ ഓഫിസിൽ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാന്നെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വർഷങ്ങളായി തുടരുന്ന ഭരണം ഇത്തവണ നഷ്ടപ്പെടുമെന്ന ഭീതിയാണ് കാരണമെന്നും നേതാക്കൾ ആരോപിച്ചു. എന്നാൽ, യു.ഡി.എഫുകാർ തങ്ങൾക്കനഭിമതരായവരുടെ വോട്ടു തള്ളിക്കാൻ ശ്രമിക്കുകയായെന്നും അനർഹരെ തിരുകിക്കയറ്റുകയാണെന്നും എൽ.ഡി.എഫ് പ്രവർത്തകരും ആരോപിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസംകൂടിയായ ശനിയാഴ്ച ഓൺലൈൻ വഴിയാണ് കൂടുതൽ പേരും അപേക്ഷ നൽകിയത്. നവംബർ 11ന് കോർപറേഷൻ കൗൺസിലിെൻറ കാലാവധി അവസാനിക്കുന്നതോടെ ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ഭരണം വരും. ബുധനാഴ്ചത്തെ മന്ത്രിസഭ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ച ഇരുമുന്നണികളിലും അന്തിമ ഘട്ടത്തിൽ. യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിംലീഗും തമ്മിൽ ചില സീറ്റുകൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
എന്നാൽ, കോൺഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ധാരണ പൂർത്തിയായശേഷമേ ഇക്കാര്യത്തിൽ ചർച്ചയുണ്ടാകൂ എന്നാണ് വിവരം. എൽ.ഡി.എഫിലും ചർച്ച അന്തിമഘട്ടത്തിലാണ്. എസ്.ഡി.പി.ഐ എട്ട് വാർഡുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി മുഴുവൻ വാർഡുകളിലും മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
22 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ നിലവിൽ യു.ഡി.എഫാണ് ഭരിക്കുന്നത്. യു.ഡി.എഫിന് 11 സീറ്റും എൽ.ഡി.എഫിന് 10 സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.