നന്മണ്ട: പിടക്കുന്ന മീനിനൊപ്പം മാപ്പിളപ്പാട്ടിലൂടെ ഇടപാടുകാരുടെ മനം കുളുർപ്പിച്ച് മത്സ്യ വിൽപനക്കാരൻ. ഖൽബിൽ നിന്ന് ഖൽബുകളിലേക്ക് പടർന്നു കയറുന്ന ഇമ്പമാർന്ന മാപ്പിളപ്പാട്ടുകൾ ആലപിച്ച് കെ.കെ. ഫിഷ് സെൻറർ ഉടമ കാരക്കുന്നുമ്മൽ കോയസ്സനാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
മീൻ മുറിക്കുന്ന കത്തി താളം പിടിച്ചു കൊണ്ട് ഒരു നാലുവരി. മാവൂർ ചെറൂപ്പ കക്കോളിൽ കോയസ്സൻ മാപ്പിള പാട്ട് രചയിതാവായ യു.കെ. അബു സഹ് ല എന്നറിയപ്പെടുന്ന യു.കെ. ഇബ്രാഹിം കുട്ടി മൗലവിയുടെ അയൽവാസിയായിരുന്നു.
അതാണ് മാപ്പിളപ്പാട്ടിനോട് ഇഷ്ടം കൂടാൻ കാരണമായത്. യു.കെ.യുടെ ' മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം' എന്ന വരികളും ബാപ്പു വെള്ളിപറമ്പിന്റെയും ഗാനങ്ങളും ആലപിക്കുന്നവയിൽപെടും. കാരക്കുന്നുമ്മൽ മൂസക്കോയയുടെ മകൾ ജമീലയെ വിവാഹം കഴിച്ചതോടെയാണ് നന്മണ്ട മരക്കാട്ട് റോഡിലെ കാരക്കുന്നുമ്മൽ സ്ഥിരതാമസമാക്കിയത്.നാല് പതിറ്റാണ്ടായി മത്സ്യവിപണന രംഗത്ത്.
നന്മണ്ട 13 ൽ കട തുടങ്ങുന്നതിനു മുമ്പേ കൂളിപ്പൊയിൽ, കുട്ടമ്പൂർ പ്രദേശങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ചായിരുന്നു മത്സ്യം വിറ്റിരുന്നത്. അമ്മമാരെയും കുട്ടികളെയും കാണുമ്പോൾ രണ്ടു വരി മാപ്പിളപ്പാട്ട് പിന്നെ സ്വതസിദ്ധമായ പുഞ്ചിരി. ശാരീരിക അവശത അലട്ടിയതോടെ നന്മണ്ട 13 ൽ കട തുടങ്ങി.
ഇ.ടി. മുഹമ്മദ് ബഷീർ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിങ്ങളത്ത് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മാപ്പിളപ്പാട്ട് ആലപിച്ചപ്പോൾ അദ്ദേഹം പ്രശംസിച്ചത് ഇന്നും കോയസ്സന്റെ മങ്ങാത്ത ഓർമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.