കോഴിക്കോട്: കനോലി കനാലിന്റെയും അതുവഴി നഗരത്തിന്റെയും മുഖച്ഛായ മാറ്റുന്ന വകസനമായി പ്രഖ്യാപിച്ച ‘കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി’ക്കായുള്ള വിശദ പദ്ധതി രേഖ ഈമാസം തയാറാറാവുമെന്നാണ് പ്രതീക്ഷ. ഇതുകഴിഞ്ഞ് പദ്ധതിയുടെ ആദ്യഘട്ടം പ്രവൃത്തി സരോവരത്ത് തുടങ്ങാനും ആലോചനയുണ്ട്.
ഒന്നാംഘട്ടമെന്ന നിലയിൽ സരോവരത്ത് ടെൻഡർ വിളിച്ച് പണി തുടങ്ങാനാവുമോയെന്ന കാര്യമാണ് ആലോചനയിലുള്ളത്. സരോവരത്ത് കനോലി കനാലിന്റെ ഇരു വശത്തും രണ്ടു കി.മീറ്റർ പരിധിയിൽ ആദ്യഘട്ടം തുടങ്ങാനാണ് ശ്രമം.
സരോവരം ഭാഗത്ത് ഇപ്പോൾ തന്നെ ആവശ്യത്തിന് വീതിയിൽ സ്ഥലം ലഭ്യമാണെന്നതും സ്ഥലമെടുപ്പ് നടപടികളും മറ്റും ആവശ്യമില്ലെന്നതുമാണ് ഈ മേഖലയിൽ പദ്ധതിക്ക് തടുക്കമിടാൻ കാരണം. ബോട്ട് സർവിസ് അടക്കം സരോവരം ബയോപാർക്കിന് സമീപത്തെ കനാലിൽ തുടങ്ങാനാവും.
മൊത്തം പദ്ധതി രേഖ ലഭിച്ചയുടൻ ഒന്നാംഘട്ടം സരോവരത്തുനിന്ന് തുടങ്ങാനാണ് ശ്രമം. ഡി.പി.ആറിന് സർക്കാർ അംഗീകാരവും മറ്റും തേടേണ്ടതുണ്ടെങ്കിലും അതിനൊപ്പം തന്നെ സരോവരത്തെ പണി തീർക്കനാവുമോയെന്നാണ് നോക്കുന്നത്.
ക്വില്ലിന്റെ (കേരള വാട്ടർവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്) നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ ജലപാത, കനാലിലേക്ക് മലിനജലമൊഴുക്കുന്നത് ഒഴിവാക്കല്‍, കനാലിന്റെ ഇരുവശവുമുള്ള റോഡുകളും പാലങ്ങളുടെയും നവീകരണം, നഗരത്തിലെ വെള്ളക്കെട്ടിനുള്ള പരിഹാരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
പദ്ധതിയുടെ സാധ്യതാപഠനം നടത്തി രൂപരേഖ തയാറാക്കുന്നത് ലീ അസോസിയേറ്റ്സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡാണ്. ആദ്യഘട്ട സർവേ നടന്നു. കനാലിന്റെ ഇപ്പോഴുള്ള അതിർത്തി അളന്ന് തിട്ടപ്പെടുത്തുക, മണ്ണുപരിശോധന എന്നിവ പൂർത്തിയായി. അതിർത്തി രേഖപ്പെടുത്തുന്നതിനൊപ്പം ടോപോഗ്രാഫിക്കൽ സർവേ, വാട്ടർ ബാലൻസ് എന്നിവയും നടന്നു.
കനാലിന്റെ ആഴവും വീതിയും വിവിധ സ്ഥലങ്ങളുമെല്ലാം ടോപോഗ്രഫിക്കൽ സർവേ വഴി രേഖപ്പെടുത്തിവരുന്നു. രാജ്യാന്തര ജലപാത നിലവാരത്തിലേക്ക് ഉയർത്താൻ 1118 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.