കോഴിക്കോട്: നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീ കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അപകടം നടന്ന ഉടൻ കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്. ഇവർ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.
സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഓടിരക്ഷപ്പെട്ടവരെക്കുറിച്ച് ഇതുവരെ വിവരമില്ലെന്നുമാണ് മെഡിക്കൽ കോളജ് പൊലീസ് പറയുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വ്യാഴാഴ്ച കാറിൽ ഫോറൻസിക് പരിശോധന നടക്കും. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ തീപിടിത്ത കാരണം വ്യക്തമാകൂ.
കോട്ടൂളി ജങ്ഷനിൽനിന്ന് സിവിൽ സ്റ്റേഷനിലേക്ക് പോകുന്ന കെ.ടി. ഗോപാലൻ റോഡിൽ റോയൽ ഹാർമണി ഫ്ലാറ്റിനുമുന്നിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അമിത വേഗത്തിൽ വന്ന ഡി.എൽ -നാല് സി.എൻ.സി -3979 നമ്പർ ഹോണ്ട സിറ്റി കാർ മതിലിലിടിച്ച ശേഷം എതിരെ വന്ന കെ.എൽ 11 എ.എക്സ് -8664 കാറിൽ ഇടിച്ച് കത്തിയത്.
അപകടത്തിനുപിന്നാലെ ഹോണ്ട സിറ്റി കാറിലുള്ളവർ സ്ഥലത്തുനിന്ന് മുങ്ങി. അപകടം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇവർ പൊലീസുമായി ബന്ധപ്പെടാത്തത് ദുരൂഹത വർധിപ്പിക്കുന്നു. കാറിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു.
രേഖകൾ പ്രകാരം ന്യൂഡൽഹി ജനക്പുരിയിലെ ബി-3/149 ൽ താമസിക്കുന്ന ദീപക് ബഹലിന്റെ പേരിലുള്ളതാണ് പൂർണമായി കത്തിനശിച്ച ഹോണ്ട സിറ്റി കാർ. ആർ.സി രേഖകളിൽ ഉടമയുടെ മൊബൈൽ ഫോൺ നമ്പറും നൽകിയിട്ടില്ല. അതേസമയം, കല്ലായി സ്വദേശി അനീഷ് കുമാറിന്റെ പേരിലുള്ളതാണ് ഇടിയേറ്റ കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.