പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കരിങ്കൽ ക്വാറിയാണെന്ന് ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയിൽനിന്ന് സമരസമിതി പ്രവർത്തകൻ ലിനീഷ് നരയംകുളത്തിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ചെങ്ങോടുമലയിലെ 100 ഏക്കർ സ്ഥലത്ത് കരിങ്കൽ ക്വാറി തുടങ്ങുമെന്ന് കാണിച്ച് സൂപ്പർ ക്വാറി പ്രോജക്ട് കമ്പനി സംസ്ഥാന പാരിസ്ഥിതികാഘാത സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 30 വർഷംകൊണ്ട് 3.2 കോടി ടൺ കരിങ്കല്ല് പൊട്ടിക്കുമെന്നാണ് പ്രോജക്ടിൽ പറയുന്നത്. 250 മീറ്റർ ഉയരമാണ് ചെങ്ങോടുമലക്കുള്ളത്. ഏകദേശം 90 നിലയുള്ള കെട്ടിടത്തിെൻറ ഉയരം. ഇത്രയും ഉയരത്തിലുള്ള മല പൊട്ടിക്കുമ്പോൾ 2000ത്തിലധികം വരുന്ന താഴ്വാരത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും. കുടിവെള്ളവും നിലക്കും. ഈ ക്വാറിയിൽ നിന്നും 795 കോടി രൂപ വരുമാനമുണ്ടാവുമെന്നും പ്രോജക്ടിൽ പറയുന്നു. ഇവിടെ ക്രഷറും എം-സാൻഡ് യൂനിറ്റും തുടങ്ങിയാൽ 3000 കോടിയോളമുണ്ടാവും കമ്പനിയുടെ വരുമാനം. പ്രോജക്ടിൽ പറഞ്ഞ കരിങ്കല്ലുകളും മറ്റ് ഉൽപന്നങ്ങളും കൊണ്ടുപോകുന്നതിന് ടിപ്പറുകൾ നിത്യേന 2500 തവണ സർവിസ് നടത്തണം. അതു ജനജീവിതത്തിൽ നാശം വിതക്കും.
അവസാനമായി വന്ന സൂപ്പർ ക്വാറി പ്രോജക്ടിലൂടെ കമ്പനിയുടെ എല്ലാ കള്ളക്കളികളും പൊളിഞ്ഞിരിക്കുകയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ആദ്യം കമ്പനി അവകാശപ്പെട്ടത് മഞ്ഞൾ കൃഷി നടത്താനാണ് സ്ഥലം വാങ്ങിയതെന്നായിരുന്നു. പിന്നീട് പറഞ്ഞത് 20 ശതമാനം സ്ഥലത്ത് മാത്രം ക്വാറി തുടങ്ങുമെന്നാണ്. ഇപ്പോൾ പറയുന്നു മുഴുവൻ സ്ഥലത്തും ക്വാറി തുടങ്ങുമെന്ന്. കലക്ടർ നിയോഗിച്ച വിദഗ്ധ സമിതി ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് പറഞ്ഞിട്ടും ആറ് ഗ്രാമസഭകൾ ഖനനത്തിനെതിരെ പ്രമേയം പാസാക്കിയിട്ടും സംസ്ഥാന ഏകജാലക ബോർഡും സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയും ജനങ്ങളെ വെല്ലുവിളിച്ച് ഖനന നീക്കവുമായി മുന്നോട്ടു പോവുകയാണ്. അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സംസ്ഥാന ഏകജാലക ബോർഡ് പാരിസ്ഥിതികാനുമതി ലഭിക്കാതെ ഡി ആൻഡ് ഒ ലൈസൻസ് നൽകാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഇത്തരം അനധികൃത നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ സമരം തുടങ്ങുമെന്നും സമരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വാർത്തസമ്മേളനത്തിൽ ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ചീനിക്കൽ, ട്രഷറർ ബിജു കൊളക്കണ്ടി, ജോ. കൺവീനർ ലിനീഷ് നരയംകുളം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.