കോഴിക്കോട്: ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുത്ത ഛത്തിസ്ഗഢ് കമ്പനി അധികാരികൾ സ്റ്റീൽ കോംപ്ലക്സിൽ പ്രവേശിക്കുന്നത് ഹൈകോടതി തടഞ്ഞു. സ്റ്റീൽ കോംപ്ലക്സ് സ്വത്തുവകകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ അപ്പലറ്റ് കോടതിയിൽ നിന്നും കേരള സർക്കാറിന്റെ അപ്പീൽ തീർപ്പ് കൽപിക്കുന്നതുവരെ ഛത്തിസ്ഗഢ് കമ്പനി സ്റ്റീൽ കോംപ്ലക്സിന്റെ അകത്ത് പ്രവേശിക്കരുതെന്നാണ് കോടതി വിധി.
ഛത്തിസ്ഗഢ് കമ്പനി അധികാരികൾ സ്റ്റീൽ കോംപ്ലക്സിൽ പ്രവേശിക്കുന്നതിനെതിരെ മൂന്നു ദിവസമായി സമരം ചെയ്യുകയായിരുന്നു സംരക്ഷണ സമിതിയും നാട്ടുകാരും. സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുത്ത സ്വകാര്യ കമ്പനി പ്രതിനിധിക്ക് സ്റ്റീൽ കോംപ്ലക്സിൽ പ്രവേശിക്കാൻ സംരക്ഷണം നൽകാൻ കഴിഞ്ഞ ആഴ്ച പൊലീസിന് ഹൈകോടതി നിർദേശം നൽകിയിരുന്നു. ഈ കേസിന്റെ തുടർ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ താൽക്കാലിക സ്റ്റേ. ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ കാര്യം കോടതിയിൽ നിന്ന് മറച്ചുവെച്ചാണ് ഛത്തിസ്ഗഢ് കമ്പനി അധികൃതർ അനുകൂല വിധി സമ്പാദിച്ചതെന്ന് സർക്കാർ അഭിഭാഷകനും തൊഴിലാളികളുടെ അഭിഭാഷകനും കോടതിയെ അറിയിക്കുകയായിരുന്നു.തിങ്കളാഴ്ച സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കാനെത്തിയ കമ്പനി പ്രതിനിധികൾ സമരക്കാരുടെ പ്രതിരോധത്തെത്തുടർന്ന് മടങ്ങുകയായിരുന്നു. ജൂൺ ഏഴിനും സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കാനെത്തിയ ഛത്തിസ്ഗഢ് കമ്പനി ഡയറക്ടറും റിസീവറും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചുപോകുകയായിരുന്നു. ഇത് കോടതിവിധി തടസ്സപ്പെടുത്തലാണെന്ന് വ്യക്തമാക്കി ഛത്തിസ്ഗഢ് കമ്പനി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു കമ്പനി അധികാരികൾക്ക് പൊലീസ് സംരക്ഷണത്തിന് കോടതി നിർദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഛത്തിസ്ഗഢ് ഔട്ട്സോഴ്സിങ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കുമാർ പഹുർകാറും നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ നിയോഗിച്ച റിസീവർ അനിൽ അഗർവാളും കമ്പനി ഏറ്റെടുക്കാനെത്തിയത്. ഇതിൽ പ്രതിഷേധിക്കാനെത്തിയ സമരക്കാരെ അറസ്റ്റ്ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചത് ഇരുവിഭാഗവും തമ്മിൽ ഉന്തിനും തള്ളിനുമിടയാക്കിയിരുന്നു. ഒരു കാരണവശാലും കമ്പനി അധികൃതരെ സ്റ്റീൽ കോംപ്ലക്സിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർശന നിലപാട് എടുത്തതോടെ കമ്പനി അധികൃതരെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. കനറാ ബാങ്കിൽ നിന്ന് 2013ൽ എടുത്ത 45 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് സ്റ്റീൽ കോംപ്ലക്സ് വിൽക്കുന്നതിലേക്ക് നീങ്ങിയത്. എന്നാൽ, 300 കോടി രൂപയിലേറെ വിലമതിക്കുന്ന സ്റ്റീൽ കോംപ്ലക്സ് വെറും 25 കോടി രൂപക്ക് കനറാ കമ്പനിക്ക് വിട്ടുകൊടുത്തതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.