കോഴിക്കോട്: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് (ഐ.ഒ.ജി.പി.എൽ) ജില്ലയിൽ ഗാർഹിക കണക്ഷൻ നൽകി തുടങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ 52 വീടുകളിലാണ് പൈപ്പ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി) കണക്ഷൻ നൽകി പാചക വാതകം എത്തിച്ചത്. 81 വീടുകളിൽ കണക്ഷൻ നൽകാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ഐ.ഒ.ജി.പി.എല്ലിന്റെ ഉണ്ണികുളത്തെ സിറ്റി ഗേറ്റ് സ്റ്റേഷനിൽ (സി.ജി.എസ്) സ്ഥാപിച്ച ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്റ്റേഷനിൽ നിന്നും (ഡി.ആർ.എസ്) വിവിധ വലുപ്പത്തിലുള്ള മീഡിയം ഡെൻസിറ്റി പോളി എത്തിലീൻ (എം.ഡി.പി.ഇ) പൈപ്പുകൾ വഴിയാണ് ഗ്യാസ് വിതരണം ചെയ്യുന്നത്.
ഗ്യാസ് വിതരണ ശൃംഖലയിലുള്ള സർവിസ് റെഗുലേറ്റർ, കസ്റ്റമർ റെഗുലേറ്റർ വഴി ഡി.ആർ.എസിൽ നിന്നും 26 ബാർ മർദത്തിലുള്ള ഗ്യാസ് വിവിധ ഘട്ടങ്ങളിലായി മർദം കുറച്ച് 21 മില്ലി ബാറിലാണ് ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. ഉണ്ണികുളം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, എട്ട്, 14 വാർഡുകളിൽ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിയും ഉപഭോക്താക്കളുടെ രജിസ്ട്രേഷനും തുടരുകയാണ്. പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലും ഉണ്ണികുളം പഞ്ചായത്തിലെ മറ്റു വാർഡുകളിലും പൈപ്പ് ലൈൻ ശൃംഖല വിപുലീകരിക്കാനുള്ള സർവേയും പുരോഗമിക്കുകയാണ്. ഡിസംബർ അവസാനത്തോടെ 300 വീടുകളിലും 2023 ജൂണോടെ 25,000 വീടുകളിലും കണക്ഷൻ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഐ.ഒ.ജി.പി.എൽ ജി.എ ഹെഡ് കെ.എം. ദിനൂജ് അറിയിച്ചു.
പാചക വാതക വിതരണത്തിനായുള്ള മീഡിയം പ്രഷർ, ലോ പ്രഷർ ശൃംഖലയിലുള്ള 21 കിലോമീറ്റർ എം.ഡി.പി.ഇ പൈപ്പ് ലൈൻ കമീഷൻ ചെയ്തു. ഈ പദ്ധതി വഴി കിനാലൂരിലുള്ള കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ പാർക്കിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു.
പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള 23.9 കിലോമീറ്റർ സ്റ്റീൽ പൈപ്പ് ലൈൻ ഉണ്ണികുളത്തെ സിറ്റി ഗേറ്റ് സ്റ്റേഷനിൽനിന്നും കുന്ദമംഗലം വരെ 26 ബാർ മർദത്തിൽ കമീഷൻ ചെയ്തു. രണ്ടാം ഘട്ടത്തിൽ 42 കിലോമീറ്റർ പൈപ്പ് ലൈൻ ഇടലാണ് പദ്ധതിയിലുള്ളത്. ഇതിന്റെ ഭാഗമായി കോഴിക്കോട് നഗരസഭ പരിധിയിൽ സ്റ്റീൽ പൈപ്പ് ലൈൻ ഇടൽ പൂർത്തിയായ പാവങ്ങാട് മുതൽ നല്ലളം വരെയുള്ള 14 കിലോമീറ്ററിൽ ഹൈഡ്രോ ടെസ്റ്റ്, ഐസൊലേഷൻ വാൽവ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
മാവൂർ റോഡിലും പൈപ്പ് ലൈൻ ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടമായി നഗരസഭ പരിധിയിൽ പാചക വാതക വിതരണം തുടങ്ങാനാവശ്യമായ ഡിസ്ട്രിക് റെഗുലേറ്റിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ആറിടങ്ങളിൽ സ്ഥലം പാട്ടത്തിന് ലഭിക്കാൻ ഐ.ഒ.ജി.പി.എൽ നഗരസഭക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുയോജ്യമായ സ്ഥലങ്ങൾ വിട്ടുകിട്ടുന്ന മുറക്ക് നഗരത്തിൽ എം.ഡി.പി.ഇ പൈപ്പുകൾ സ്ഥാപിക്കാൻ അതതു റോഡ് അതോറിറ്റികളിലും അപേക്ഷ സമർപ്പിക്കും. നിലവിലുള്ള 12 സി.എൻ.ജി പമ്പുകൾക്കു പുറമെ എകരൂൽ, ഓമശ്ശേരി, കടലുണ്ടി, പടനിലം, കൽപറ്റ എന്നിവിടങ്ങളിൽ പുതിയ പമ്പുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.