പ​റ​യ​ഞ്ചേ​രി​യി​ൽ അ​ദാ​നി ഗ്യാ​സ് പൈ​പ്പി​നു​വേ​ണ്ടി എ​ടു​ത്ത കു​ഴി

സിറ്റി ഗ്യാസ് പദ്ധതി; മെഡി. കോളജ് റൂട്ടിലെ പൈപ്പിടൽ വേഗത്തിലാക്കണമെന്ന് ആവശ്യം

 കോഴിക്കോട്: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ കോളജ് റൂട്ടിലെ പൈപ്പിടൽ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം. പൈപ്പുകൾ സ്ഥാപിക്കാൻ വിവിധയിടങ്ങളിൽ കുഴിയെടുത്തത് അപകടക്കെണിയാകുന്നതായി വിവിധ കോണുകളിൽനിന്ന് ഇതിനകം വിമർശനമുയർന്നിട്ടുണ്ട്. കുഴികൾ കാരണം ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾവരെ ഗതാഗതക്കുരുക്കിൽ പെടുന്നതും പതിവാണ്.

തൊണ്ടയാട് ജങ്ഷൻ മുതൽ അരയിടത്തുപാലം വരെയാണ് ആദ്യം പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതിനായി വിവിധയിടങ്ങളിൽ കുഴിയെടുത്തിട്ടുണ്ട്. പ്രവൃത്തി മന്ദഗതിയിലായതാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും വിനയാകുന്നത്.

തിരക്കുപിടിച്ച റോഡായതിനാൽ ഈ കുഴികളുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണെന്നും പ്രവൃത്തി വേഗത്തിലാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനായാണ് (ഐ.ഒ.ജി.പി.എൽ) പൈപ്പുകൾ സ്ഥാപിക്കുന്നത്.

പൈപ്പിടലിന് കമ്പനി പുറംകരാർ നൽകുകയായിരുന്നു. മാവൂർ റോഡ് ജങ്ഷൻ മുതൽ കോവൂർ വരെയാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യഭാഗമായാണ് തൊണ്ടയാട് ജങ്ഷൻ മുതൽ അരയിടത്തുപാലം വരെ പൈപ്പുകളിടുന്നത്. പറയഞ്ചേരി, കോട്ടൂളി അടക്കമുള്ള ഭാഗങ്ങളിൽ കുഴിയെടുത്ത നിലയിലാണ്.

ഇവിടുത്തെ കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്. പുറത്തേക്കിട്ട മണ്ണ് മഴയിൽ കുതിർന്ന് റോഡരികിൽ ചളിയും രൂപപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്കു സമീപത്തടക്കം നടപ്പാതയിൽ പൈപ്പുകൾ കൂട്ടമായി ഇറക്കിവെച്ചത് കാൽനടക്കാർക്കും ദുരിതമായിട്ടുണ്ട്. കാൽനടക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണുള്ളത്.

തൊണ്ടയാട് ജങ്ഷൻ മുതൽ നഗരത്തിലേക്ക് ഒന്നര കിലോമീറ്ററിലേറെ ദൂരം പൈപ്പുകൾ സ്ഥാപിച്ചതായും മറ്റു ഭാഗങ്ങളിലേത് ഉടൻ പൂർത്തീകരിക്കുമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. മഴ പൂർണമായും ശമിച്ചാലുടൻ റോഡിൽ റീടാറിങ് നടത്തുമെന്നും അവർ അറിയിച്ചു.

Tags:    
News Summary - City Gas Project- there is a demand to speed up the fitting of pipes in the medical college route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.