കോഴിക്കോട്: നിപ നിയന്ത്രണങ്ങളിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ വ്യാഴാഴ്ച മുതൽതന്നെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും പൊതുവിദ്യാലയങ്ങളടക്കം കൂടുതൽ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ വീട്ടിലിരുന്നുള്ള പഠനം ആരംഭിക്കും.
സ്മാർട്ട് ഫോണുകളുപയോഗിച്ചുള്ള പഠനം കോവിഡ് കാലത്ത് പരിചിതമായതിനാൽ വലിയ ആശയക്കുഴപ്പമുണ്ടാകില്ലെങ്കിലും ഫോണിൽ നെറ്റ് ലഭ്യമാക്കുന്നതും റെയ്ഞ്ച് കിട്ടാത്തതും ഫോണില്ലാത്തതുമായ പ്രശ്നങ്ങളുണ്ടാവും. കോവിഡ് കാലത്തെ ഓൺലൈൻ പഠനാന്തരീക്ഷം ഫോണിന് അടിമകളാക്കിയ കുട്ടികൾ പതിയെ സാധാരണ പഠനത്തിലേക്ക് കരകയറുന്നതിനിടെ വീണ്ടും ഓൺലൈൻ ക്ലാസിലേക്കുള്ള മടക്കം രക്ഷിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയില്ലെങ്കിലും സാങ്കേതിക വിദ്യയുടെ വളർച്ച കാരണം പഠനം മുടങ്ങാതെ നോക്കാനുള്ള സജ്ജീകരണങ്ങൾ ജില്ലയിൽ ശക്തമാണെന്ന് സമഗ്ര ശിക്ഷാ അഭിയാൻ ജില്ല കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പറഞ്ഞു. നേരത്തേതന്നെ ‘ഗൂഗ്ൾ വർക് സേ്പസ് ഫോർ എജുക്കേഷൻ’ (ജി-സ്യൂട്ട്) ആപ് ഉപയോഗിച്ചുള്ള പരിശീലനം സ്കൂളുകളിൽ നൽകിയതാണ്.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം കാര്യക്ഷമമാക്കാനുള്ള പൊതു പ്ലാറ്റ്ഫോമാണ് ജി-സ്യൂട്ട്. പുതിയ അധ്യാപകർക്ക് അതേ മൊഡ്യൂൾ ഉപയോഗിച്ച് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) മുൻകൈയെടുത്തുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ വഴിയും ക്ലാസുകൾ കേൾക്കാം.
ലൈവ് ക്ലാസുകൾ റെക്കോഡ്ചെയ്ത് വീണ്ടും കേൾക്കാനും വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ യൂട്യൂബ് വഴി വീണ്ടും കേൾക്കാനും സൗകര്യമുണ്ട്. ഗൂഗ്ളിന്റെ എല്ലാ സാധ്യതകളും കൂട്ടിയോജിപ്പിച്ചുള്ളതാണ് ജി-സ്യൂട്ട് പ്ലാറ്റ് ഫോം. കുട്ടികളുടെ ഡേറ്റ സുരക്ഷിതത്വം, പരസ്യമില്ലായ്മ തുടങ്ങിയവയെല്ലാം ഇതിന്റെ മേന്മയാണ്. ഗൂഗ്ൾ ക്ലാസ് റൂം വഴിയാണ് ക്ലാസുകൾ മുന്നോട്ടുപോവുക.
ഗൂഗ്ൾ കലണ്ടർ, ഗൂഗ്ൾ മീറ്റ് എന്നിവയും ഉപയോഗപ്പെടുത്തും. ജി-സ്യൂട്ട് വഴി ഇവ കൈകാര്യംചെയ്യുമ്പോൾ പരമാവധി ദോഷ ഫലങ്ങൾ ഒഴിവാക്കാനാവും. ലൈവ് ക്ലാസുകൾ റെക്കോഡ് ചെയ്ത് വീണ്ടും കാണാനുമാകും. ജാം ബോർഡ്, ഗൂഗ്ൾ കീപ്പ് നോട്ട്, ഹാങൗട്സ് തുടങ്ങിയ ആപ്പുകളെല്ലാം ഉപയോഗപ്പെടുത്തിയാണ് ക്ലാസുകൾ മുന്നേറുക.
സാങ്കേതിക വിദ്യകൾ ശക്തമെങ്കിലും നേരിട്ടുള്ള ക്ലാസിന്റെ ഗുണം ഓൺലൈൻ ക്ലാസുകൾക്കില്ലെന്നും പഠനവുമായുള്ള ബന്ധം ഇല്ലാതാകുന്നത് ഒഴിവാക്കാമെന്ന ഗുണമേയുള്ളൂവെന്നുമാണ് അധ്യാപകർ പറയുന്നത്. പാതിയെങ്കിലും വിദ്യാർഥികൾക്ക് പഠനം തടസ്സപ്പെടാനിടയുണ്ട്. ഓൺലൈൻ പഠന ട്രാക്കിൽനിന്ന് വിദ്യാർഥികൾ അകന്നിട്ടുണ്ട്. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് നൽകിയ ഫോണുകൾ പലതും തിരിച്ചെടുത്തിട്ടുണ്ട്.
ഫോൺ നന്നാക്കുകയും സിം പുതിയതെടുക്കുകയും നെറ്റ് കയറ്റുകയുമൊക്കെ വീണ്ടും വേണ്ടിവരും. കോവിഡ് കാലത്ത് സ്പോൺസർ ചെയ്തും മറ്റും കുട്ടികൾക്ക് ഫോൺ വാങ്ങിക്കൊടുത്തിരുന്നു. വിദ്യാർഥികൾ കൂടുതൽ മൊബൈൽ ഫോണുമായി ഇരിക്കേണ്ട എന്ന മനോഭാവം രക്ഷിതാക്കളിലും അധ്യാപകരിലും വീണ്ടും വന്നുകഴിഞ്ഞപ്പോഴാണ് വീണ്ടും ഓൺലൈൻ പഠനം തുടങ്ങുന്നത്.
പൊതു വിദ്യാലയങ്ങളിലും മറ്റും പഠിക്കുന്ന നിരവധി കുട്ടികൾക്ക് ഇപ്പോഴും സ്മാർട്ട് ഫോണില്ല. കോവിഡ് കാലത്ത് എല്ലായിടത്തും ലോക്ഡൗൺ ആയതിനാൽ രക്ഷിതാക്കളുടെ ഫോൺ കുട്ടികൾ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണുകളിലല്ലാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ ഫോൺ അവർ ജോലിക്കും മറ്റും പോകുന്നതിനാൽ ഉപയോഗപ്പെടുത്താനാവില്ല എന്ന സ്ഥിതിയുമുണ്ട്.
ചില പ്രദേശങ്ങളിൽ മൊബൈൽ നെറ്റ്വർക്കുകൾക്ക് റേഞ്ച് കുറവായതിനാൽ നെറ്റ് കിട്ടാത്ത പ്രശ്നങ്ങളുമുണ്ട്. നിപ നിയന്ത്രണങ്ങൾ അനിശ്ചിതമായി നീളില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഓൺലൈൻ പഠനം തുടങ്ങാൻ നിർദേശം നൽകിയത് നിയന്ത്രണങ്ങൾ അനിശ്ചിതമായി നീളാനുള്ള സാധ്യതകൂടി മുന്നിൽക്കണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.