കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് പണിക്കായി അമ്പലപ്പടിയിൽ റോഡ് അടച്ചതോടെ പാതക്ക് ഇരുവശവുമുള്ളവരുടെ യാത്ര ദുരിതത്തിൽ. കാൽനടയായിപ്പോലും ബൈപ്പാസിന് അപ്പുറമെത്താൻ ഒന്നര കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ട സ്ഥിതിയാണിപ്പോൾ.
കക്കോടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മൊകവൂരിലും അത്തോളി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് ജങ്ഷനിലുമെത്തിയാലേ റോഡിനപ്പുറം കടക്കാനാവൂ. ഗവ. ആയുർവേദ ഡിസ്പൻസറി, പി.വി.എസ് സ്കൂൾ, വിവിധ ക്ഷേത്രങ്ങൾ തുടങ്ങി നിരവധിയിടങ്ങളിലേക്ക് പോവുന്ന മുതിർന്നവരും വിദ്യാർഥികളുമടക്കമുള്ള നൂറുകണക്കിനാളുകളുടെ യാത്രയാണ് ദുരിതത്തിലായത്. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ യാത്ര കൂടുതൽ കഠിനമാവും.
ചെറുകുളത്തിനും അമ്പലപ്പടിക്കുമിടയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവർക്ക് റോഡ് മുറിച്ച് കടക്കാനാവാതെ കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുന്നതിനാൽ വലിയ പണച്ചെലവുണ്ടാവുന്നു.
റോഡ് മുറിച്ച് കടക്കാനായാൽ 30 രൂപ മാത്രം ഓട്ടോ ചാർജായി നൽകേണ്ടിടത്താണ് ഇരട്ടിയിലേറെ നിരക്ക് കൊടുക്കേണ്ടി വരുന്നത്. അമ്പലപ്പടിയിലെ അടിപ്പാത പണികഴിഞ്ഞാലേ ബൈപാസ് പണിക്കായി അടക്കുകയുള്ളൂവെന്നായിരുന്നു ധാരണ. എന്നാൽ ഓണാവധി നാളുകളിൽ ബൈപാസ് മൊത്തം കിളച്ച് മറിച്ചതോടെ മുറിച്ച് കടക്കാനാവാത്ത അവസ്ഥയാണ്. രണ്ടാൾ ഉയരത്തിൽ ബൈപാസിന്റെ മതിൽ കെട്ടിയതിനാൽ കയറാൻ വലിയ ബുദ്ധിമുട്ടാണ്.
കയറിപ്പറ്റിയാൽ തന്നെ നിറയെ ഇരുമ്പും പണിസാധനങ്ങളും കോൺക്രീറ്റ് കഷണങ്ങളും കമ്പിയുമെല്ലാം നിറഞ്ഞ് കിടക്കുകയാണ്. പകൽ പോലും ഒരടി നടക്കാനാവാത്ത അവസ്ഥയാണ്. അടിപ്പാതയുടെ പണി നിലക്കാൻ കാരണമായി പറയുന്നത് കരാറുകാരന്റെ അനാസ്ഥയാണ്. ബിൽ തുക കിട്ടിയില്ലെന്ന കാരണത്താൽ ആദ്യ കരാറുകാരൻ പിന്മാറിയതോടെയാണ് രണ്ട് മാസത്തിലേറെയായി നിലച്ചു കിടക്കുന്നത്.
പുതിയ കരാറായിട്ടുണ്ടെന്നും ഉടൻ പണി പുനരാരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. പാതി സ്ലാബ് പൂർത്തിയായ അടിപ്പാതയുടെ അടുത്ത ഭാഗത്തിന് കമ്പിപോലും ഇടാനായിട്ടില്ല. ഇനി പൂർത്തിയാവണമെങ്കിൽ മാസങ്ങളെടുക്കും. അതുവരെ ദുരിതയാത്ര തുടരണമെന്ന ആധിയിലാണ് നാട്ടുകാർ. കക്കോടി, ബാലുശ്ശേരി ഭാഗത്തുനിന്ന് കൊയിലാണ്ടി, പാവങ്ങാട് ഭാഗങ്ങളിലേക്ക് പോവാനുള്ള എളുപ്പവഴിയാണ് അടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.