ഫറോക്ക്: ദേശീയ പണിമുടക്കിൽ ഹോട്ടലുകളും പെട്രോൾ പമ്പുകളും അടപ്പിച്ചത് ദീർഘദൂര യാത്രക്കാരെ വലച്ചു. രാമനാട്ടുകര, ഫറോക്ക് നഗരപ്രദേശങ്ങളിലെത്തിപ്പെട്ട ദീർഘദൂര യാത്രക്കാർ ഭക്ഷണം കിട്ടാതെയും വാഹനങ്ങളിൽ ഇന്ധനം ലഭിക്കാതെയും വലഞ്ഞു.
രാവിലെ പലയിടത്തും ഹോട്ടലുകളും ചില പമ്പുകളും തുറന്നെങ്കിലും സമരാനുകൂലികൾ എത്തി അടപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് വാഹനവുമായി എത്തിയ ദീർഘദൂര യാത്രക്കാർ വഴിയിൽ കുടുങ്ങി. കണ്ണൂരിൽനിന്നും പാലക്കാടുനിന്നും തമിഴ്നാട്ടിൽനിന്നും മറ്റു ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിപ്പെട്ടവരൊക്കെ രാമനാട്ടുകരയിൽ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി. രാമനാട്ടുകര, ഫറോക്ക് പട്ടണങ്ങളിൽ ഭക്ഷണ സൗകര്യമില്ലാത്ത നിരവധി ലോഡ്ജുകൾ ഉണ്ട്. ഇത്തരത്തിൽ ഇവിടെ താമസിക്കുന്നവർ ഹോട്ടലുകളെയാണ് ആശ്രയിക്കാറ്. ഇവരും ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലായി.
ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. നിരവധി വാഹനങ്ങൾ ഇന്ധനം ലഭിക്കാതെ റോഡിൽ കുടുങ്ങി. രാമനാട്ടുകര ബൈപ്പാസിലെ പെട്രോൾ പമ്പിൽ ലിറ്ററിന് 160 രൂപയുടെ പവർ എസ്.പി എന്ന പേരിലുള്ള പെട്രോളാണ് വിറ്റഴിച്ചത്.
എവിടെയും ഇന്ധനമില്ലാത്തതിനാലും വാഹനങ്ങൾ വഴിയിൽ കുടുങ്ങിപ്പോകുമോ എന്ന ചിന്തയിലും 160 രൂപയുടെ പെട്രോൾ ഉപയോഗിക്കാൻ നിർബന്ധിതരായി. കഴിഞ്ഞ ദിവസം രാത്രി ഫറോക്ക് ചന്തക്കടവിലെയും ചെറുവണ്ണൂരിലെയും പെട്രോൾ പമ്പുകളിൽ ഇന്ധനത്തിന് വേണ്ടി ജനങ്ങൾ സംഘർഷമുണ്ടാക്കി. തിങ്കളാഴ്‌ച പമ്പുകൾ തുറക്കില്ലെന്നറിഞ്ഞ ജനം മുഴുവൻ പമ്പുകളിലേക്ക് ഒഴുകി എത്തിയതാണ് പമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ കാരണം. ഇന്ധനം തീർന്നെന്ന് അറിയിച്ചിട്ടും ജനങ്ങൾ പിരിഞ്ഞു പോകാതെ പ്രകോപിതരായി.
വാഹനങ്ങൾ വരി തെറ്റി വന്നതും ഗൂഗിൾ പേ വഴിയും സ്മാർട്ട് കാർഡുകളിലെ പണം സ്വീകരിക്കലും പമ്പുകളുടെ പ്രവർത്തനം കൂടുതൽ താളം തെറ്റി. ചന്തക്കടവിലെ പമ്പിലെ അന്തർ സംസ്ഥാന തൊഴിലാളിയുടെ ഫോൺ ഇന്ധനം നിറക്കാനെത്തിയ യുവാവ് എറിഞ്ഞ് തകർത്തു. പൊലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്. ഫറോക്ക്, രാമനാട്ടുകര നഗര പ്രദേശങ്ങളിൽ പണിമുടക്ക് പൂർണമായെങ്കിലും ഗ്രാമപ്രദേശങ്ങളിൽ പണിമുടക്ക് ബാധിച്ചില്ല. ഇവിടങ്ങളിൽ കടകളും വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.