കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്. വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെ ശ്രീനാരായണ സെൻറിനറി ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്.
2,751 പേരാണ് വോട്ടര്‍മാർ. രാവിലെ മുതൽ ഹാളിെൻറ മുൻഭാഗത്തെ പാർക്കിങ് കേന്ദ്രവും ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡുമെല്ലാം പൊലീസുകാരാൽ നിറഞ്ഞിരുന്നു. സാമൂഹിക അകലം ആരും പാലിച്ചില്ല. പൊലീസുകാർ മാസ്ക് ധരിച്ചെങ്കിലും കൂട്ടംകൂടിയാണ് പരിസരത്തെല്ലാം നിന്നത്. ഒരേസമയം അഞ്ഞൂറിലേറെ ആളുകളാണ് ഇവിടെയുണ്ടായിരുന്നത് എന്നാണ് പരിസരത്തെ വ്യാപാരികൾ പറഞ്ഞത്. വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സൗഹൃദം പുതുക്കിയും ഏറെനേരം ഇവിെട തമ്പടിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുംവരെയും ആൾക്കൂട്ടം തുടർന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരടക്കം കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.
കടയിൽ സാധനം വാങ്ങാനെത്തുന്നവർക്കെതിരെ പോലും സാമൂഹിക അകലം പറഞ്ഞ് പിഴ ചുമത്തുന്ന പൊലീസുകാർ ഒന്നടങ്കം നിയമവിരുദ്ധമായി തമ്പടിച്ചത് വ്യാപാരികൾക്കിടയിൽ അമർഷത്തിനിടയാക്കി. സേനയിലെ എൽ.ഡി.എഫ് -യു.ഡി.എഫ് അനുകൂല വിഭാഗങ്ങൾ തമ്മിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. 75 പൊലീസുകാരെയാണ് സുരക്ഷക്കു മാത്രം നിയോഗിച്ചത്. മാത്രമല്ല വോട്ടിങ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ബാരിക്കേഡും സ്ഥാപിച്ചു. പല ജില്ലയിലെയും പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് കൂട്ടത്തല്ലിൽ കലാശിച്ചതിെൻറ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയൊരുക്കിയത്.
തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കലിനും തെരഞ്ഞെടുപ്പ് കേന്ദ്രത്തിനുള്ളിലെ സുരക്ഷക്കും പുറത്തെ സുരക്ഷക്കും തെരഞ്ഞെടുപ്പ് മേഖല പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്താനുള്ള സംവിധാനമൊരുക്കാനും അസി. കമീഷണർമാരെ ചുമതലപ്പെടുത്തിയിരുന്നു.
ഇടത് അനുകൂല വിഭാഗത്തിന് ജയം
കോഴിക്കോട്: സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല വിഭാഗത്തിന് ജയം. വർഷങ്ങളായി സേനയിലെ വലത് അനുകൂല വിഭാഗത്തിെൻറ നിയന്ത്രണത്തിലായിരുന്നു സംഘം ഭരണസമിതി. പൊലീസ് അസോസിയേഷൻ നേതാക്കൾ നേതൃത്വം നൽകിയ ഇടത് അനുകൂല പാനലിലെ
സി. പ്രദീപ് കുമാർ, പി.കെ. രതീഷ്, കെ.ടി. മുഹമ്മദ് സബീർ, പി.ടി. സുനിൽ കുമാർ, എ. അൻജിത്ത്, ഐ.പി. ജിഷ, സി.പി.ടി. അജിത, പി. ഹാജ്റ, ജി.എസ്. ശ്രീജിഷ്, കെ.എൻ. ഗിരീഷ് എന്നിവരും വലത് അനുകൂല പാനലിലെ ശരത്തുമാണ് വിജയിച്ചത്.
ഇരുവിഭാഗവും സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരണം നടത്തിയായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോവിഡ് ബാധിതരായ സേനാംഗങ്ങളെ പോലും പി.പി.ഇ കിറ്റ് ധരിപ്പിച്ച് വോട്ടു ചെയ്യിപ്പിക്കാെനത്തിച്ചിരുന്നു. 2,751 പേർക്കായിരുന്നു വോട്ടവകാശം. ഇരുവിഭാഗവും തമ്മിലുള്ള ഏറെക്കാലത്തെ തർക്കങ്ങൾക്കൊടുവിൽ ഹൈകോടതിയിലെ നിയമപോരാട്ടത്തിലാണ് െതരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.