കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകളിൽ രൂപപ്പെട്ട കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കാൻ കലക്ടര്‍ എ. ഗീത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍, എൻ.എച്ച്.എ.ഐ തിരുവനന്തപുരം റീജനല്‍ ഓഫിസര്‍ എന്നിവര്‍ പയ്യോളി, രാമനാട്ടുകര, പന്തീരാങ്കാവ് ഉൾപ്പെടെയുള്ള ജില്ലയിലെ ബൈപ്പാസുകളിലെയും ദേശീയ ഹൈവേകളിലെയും ദേശീയ ഹൈവേ ബൈപാസിലെയും കുഴികള്‍ നന്നാക്കാന്‍ മൂന്നു ദിവസത്തിനകം അടിയന്തര നടപടികള്‍ സ്വീകരിക്കണം. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയും വേണം.
പി.ഡബ്ല്യു.ഡി എന്‍.എച്ച് എക്സിക്യൂട്ടിവ് എൻജിനീയര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ പി.ഡബ്ല്യു.ഡി (റോഡുകള്‍) എന്നിവര്‍ ദേശീയപാതയിലെയും സംസ്ഥാന ഹൈവേയിലെയും പി.ഡബ്ല്യു.ഡിയുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ വരുന്ന മറ്റു റോഡുകളുടെയും കുഴികള്‍ നികത്താൻ അടിയന്തര നടപടികള്‍ കൈക്കൊള്ളണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ സര്‍വേ നടത്തി സ്വീകരിച്ച നടപടികളെക്കുറിച്ച് ഡി.ഡി.എം.എക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അറ്റകുറ്റപ്പണികള്‍ നേരിട്ടോ കരാര്‍ കാലാവധി നിലവിലുണ്ടെങ്കില്‍ കരാറുകാര്‍ വഴിയോ നടത്തണം. കുഴികളടക്കുന്നതിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള ഉത്തരവാദിത്തം കരാറുകാര്‍ക്കും അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.