കോഴിക്കോട്: ജില്ലയിലെ ഗവൺമെൻറ് കോളജുകളിലെ സ്പോർട്സ് ക്വോട്ട സീറ്റിലേക്കുള്ള അഡ്മിഷൻ സർക്കാർ ഉത്തരവും, സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റും ഉണ്ടായിട്ടും വിദ്യാർഥികൾക്ക് പ്രവേശനം നൽകാത്തതിൽ കോൺഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ കൊളീജിയറ്റ് ഓഫിസിന് മുന്നിൽ കായിക താരങ്ങൾ സ്വന്തം ശവകുടീരം നിർമിച്ച് പ്രതിഷേധിച്ചു.
കേരള ഗവൺമെൻറ് ഉത്തരവനുസരിച്ച് ഗവൺമെൻറ് കോളജുകളിലെ സ്പോർട്സ് ക്വോട്ട സീറ്റിലേക്കുള്ള അഡ്മിഷൻ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി നൽകേണ്ട ചുമതല സ്പോർട്സ് കൗൺസിലിനാണ്.
ഇത് ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുപ്രകാരം ജില്ല സ്പോർട്സ് കൗൺസിൽ കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ഒരു മാസം മുമ്പ് റാങ്ക് ലിസ്റ്റ് തയാറാക്കി ഗവൺമെൻറ് കോളജ് പ്രിൻസിപ്പൽമാർക്ക് നൽകിയിട്ടുണ്ട്. എന്നാൽ ജില്ലയിലെ മീഞ്ചന്ത, കോടഞ്ചേരി, ബാലുശ്ശേരി, കൊടുവള്ളി, കുന്ദമംഗലം ഉൾപ്പെടെയുള്ള മറ്റു ചില ഗവൺമെൻറ് കേളജുകൾ അടക്കം സ്പോർട്സ് കൗൺസിൽ നൽകിയിട്ടുള്ള റാങ്ക് ലിസ്റ്റ് മറികടന്ന് സ്വന്തം നിലയിൽ റാങ്ക് ലിസ്റ്റ് തയാറാക്കി അവരുടെ താൽപര്യക്കാർക്ക് വേണ്ടി സ്പോർട്സ് ക്വോട്ട സീറ്റിൽ അഡ്മിഷൻ നടത്തുന്നതായി കായിക താരങ്ങൾ ആരോപിക്കുന്നു.
സർക്കാർ കോളജുകളിലെ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് സ്പോർട്സ് കൗൺസിലിെൻറ ലിസ്റ്റ് മറികടക്കുന്നത് സ്വന്തക്കാരെ തിരുകിക്കയറ്റാനാണെന്ന് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ പറഞ്ഞു. കെ.പി.സി.സി ദേശീയ കായിക വേദി ജില്ല പ്രസിഡൻറ് റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. ബുഷർ ജംഹർ, എമിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.