അത്തോളി: ദേശീയപാത നിർമാണപ്രവൃത്തിയുടെ മറവിൽ ചോയികുളത്ത് അനധികൃത മണ്ണെടുപ്പെന്ന് നാട്ടുകാരുടെ പരാതി. അനുമതി ലഭിച്ചതിലും കൂടുതലായി മണ്ണെടുക്കുന്നതായും ഹൈകോടതി ഉത്തരവ് ലംഘിച്ച് ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിൽ മണ്ണെടുക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ജനകീയ സമര സമിതി മണ്ണെടുപ്പ് തടഞ്ഞത്. എന്നാൽ, ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കരാറുകാർ പറയുന്നത്. പ്രതിഷേധത്തെ തുടർന്ന് എലത്തൂർ പൊലീസ് സ്ഥലത്തെത്തി. സമരസമിതി സബ് കലക്ടർക്ക് ഇതുസംബന്ധിച്ച് നേരത്തെ പരാതി നൽകുകയും മണ്ണെടുപ്പ് താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ശനിയാഴ്ച മണ്ണെടുപ്പ് പുനരാരംഭിക്കുകയും ചെയ്തു. അവധി ദിവസങ്ങളിലും ലോറികൾ എത്തിയതോടെയാണ് പ്രതിഷേധം ഉണ്ടായത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വിളയാർ മല ഉൾപ്പെട്ട 30 സെന്റോളം കുത്തനെയുള്ള ഭൂമിയാണ് ഇടിച്ച് താഴ്ത്തുന്നത്. സമീപത്ത് പാലം, റിസർവോയർ, ടാങ്ക്, കനാൽ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയത്. അതേസമയം, ജനവാസമേഖലയെന്ന പരിഗണന നൽകാതെയാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മണ്ണെടുക്കുന്നതോടെ പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാകുമെന്ന് നാട്ടുകാർ പറയുന്നു. കെ.എം.സി. കൺസ്ട്രക്ഷൻ കമ്പനിക്കാണ് മണ്ണെടുക്കാനുള്ള അനുമതി നൽകിയത്. പരാതിയുമായി ജില്ല കലക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് ജനകീയ സമരസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.