കോഴിക്കോട്: കുടുംബശ്രീയുടെ മറവിൽ സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽനിന്ന് ഫണ്ട് തട്ടിപ്പ് നടത്തിയതായി കാണിച്ച് എലത്തൂർ വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിൽ മേയർ ഡോ. ബീന ഫിലിപ്പിന് പരാതി നൽകി.
പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുന്നതിന് സംസ്ഥാന വികസന കോർപറേഷൻ അനുവദിച്ച ഫണ്ട് വകമാറ്റി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. അയൽക്കൂട്ടത്തിലെ 15 പേരിൽ മൂന്നുപേർ അനർഹരാണെന്നാണ് പരാതി. മുസ്ലിംകളുടെ പേരിലാണ് വായ്പയെടുത്തത്.
എന്നാൽ, മുസ്ലിംകളല്ലാത്ത മൂന്നുപേരെ അനധികൃതമായി ലിസ്റ്റിൽപ്പെടുത്തിയെന്നാണ് പരാതി. ഒന്നാം വാർഡിലെ അയൽക്കൂട്ടമാണ് ഇത്തരത്തിൽ വൻ തുക പിന്നാക്ക കോർപറേഷനിൽനിന്ന് വായ്പ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഈടില്ലാതെയും കുറഞ്ഞ പലിശക്കുമാണ് ഒ.ബിസി വിഭാഗത്തിൽപെട്ടവർക്ക് വായ്പ നൽകിയത്. കുടുംബശ്രീയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ് വ്യാജന്മാരുടെ പ്രവേശനത്തോടെ വന്നതെന്ന് കൗൺസിലർ പറഞ്ഞു.
സമഗ്രമായ അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നോർത്ത് സി.ഡി.എസ് എക്സിക്യൂട്ടിവ് അംഗമാണ് നേതൃത്വം നൽകിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഭരണകക്ഷി വനിത ജില്ല നേതാവിനും പങ്കുണ്ട്. കുടുംബശ്രീ ഓഫിസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പിന് അരങ്ങൊരുങ്ങിയതെന്നും തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത ആവശ്യപ്പെട്ടു.
മറ്റു പല അയൽക്കൂട്ടങ്ങളും ഇത്തരം വായ്പ എടുത്തതായി അറിയുന്നുവെന്നും കോർപറേഷനെ തെറ്റിദ്ധരിപ്പിച്ചാണ് പലരും വായ്പയെടുത്തതെന്നും ഇതിനെക്കുറിച്ച് കുടുംബശ്രീയും പിന്നാക്ക വിഭാഗം കോർപറേഷനും വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. 14.6 ലക്ഷം രൂപയുടെ വായ്പയെടുത്തതായി കണ്ടെത്തിയതായും പണം ഒരാഴ്ചക്കകം തിരിച്ചടക്കാൻ കുടുംബശ്രീ അയൽക്കൂട്ടത്തോട്ട് ആവശ്യപ്പെട്ടതായും കോർപറേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.