കോഴിക്കോട്: കോവിഡ് കാലത്തും പരാതികൾ പതിവുപോലെ വരുന്നുവെങ്കിലും ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ ഒമ്പതു മാസമായി കേസ് തീർപ്പാക്കാൻ ആളില്ല. ഉപഭോക്തൃ ഫോറം പ്രസിഡൻറും അംഗവും കാലാവധി കഴിഞ്ഞുപോയിട്ട് 10 മാസത്തിലേറെയായി. ഇതോടെയാണ് കേസ് കേൾക്കാനും വിധിപറയാനും ആളില്ലാതായത്.
കഴിഞ്ഞ ഡിസംബറിലാണ് മൂന്നംഗങ്ങൾ വേണ്ട ജില്ല ഫോറത്തിെൻറ പ്രസിഡൻറും അംഗങ്ങളിലൊരാളും സ്ഥാനമൊഴിഞ്ഞത്. ഇതോടെ വയനാട് ഉപഭോക്തൃ ഫോറം പ്രസിഡൻറിനാണ് കോഴിക്കോടിെൻറ ചുമതല. ജനുവരി മുതൽ മാർച്ച് 16 വരെ ജില്ലയിലെ അവശേഷിക്കുന്ന അംഗത്തോടൊപ്പം വയനാട് ഫോറം പ്രസിഡൻറ് ആഴ്ചയിലൊരിക്കൽ സിറ്റിങ് നടത്തിയെങ്കിലും കേസുകൾ വിളിച്ചുമാറ്റുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
കൊറോണ മുൻകരുതൽ വന്നതോടെ അതും നിലച്ചു. പരാതികൾ വാങ്ങിെവച്ച് വിളിക്കുന്ന തീയതി നൽകാൻ മാത്രമേ കുന്ദമംഗലത്തുള്ള ജില്ല ഫോറത്തിന് ഇപ്പോൾ കഴിയുന്നുള്ളൂ.
ഒരു മാസമെങ്കിലും കഴിഞ്ഞ് കേസ് വിളിക്കുന്ന ദിവസം വീണ്ടും തീയതി നീട്ടിനൽകും. പെട്ടെന്ന് പരിഹാരം ലഭിക്കേണ്ട പരാതികളിൽ വർഷത്തോളം കഴിഞ്ഞിട്ടും തീർപ്പാവാതെ വിഷമിക്കുകയാണ് നൂറുകണക്കിന് ഉപഭോക്താക്കൾ. 1200 ലേറെ പരാതികൾ ജില്ല ഫോറത്തിൽ പരിഹാരംതേടി ഇപ്പോൾ തന്നെയുണ്ട്.
പണം െകാടുത്തു വാങ്ങുന്ന സേവനങ്ങളിലെ പരാതികൾക്കും മറ്റു ഉപഭോക്തൃ സംബന്ധമായ കേസുകൾക്കും കാലതാമസം കൂടാതെ നീതി ലഭ്യമാക്കാനാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾ ആരംഭിച്ചത്. പരാതി സമർപ്പിച്ചാൽ മൂന്നു മാസത്തിനകം തീർപ്പാക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഇപ്പോൾ രണ്ടും മൂന്നും വർഷം കഴിഞ്ഞ പരാതികൾ തിർപ്പാവാതെ കെട്ടിക്കിടക്കുകയാണ്.
ജില്ല ജഡ്ജിയുടെ റാങ്കിലുളള ജുഡീഷ്യൽ ഒാഫിസറോ ഏഴു കൊല്ലമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനോ ആണ് ജില്ല ഫോറം പ്രസിഡൻറാവേണ്ടത്. പ്രസിഡൻറും പൊതുപ്രവർത്തന പരിചയമുള്ള വനിതാ അംഗവും നിയമ ബിരുദമുള്ള മറ്റൊരംഗവും ചേർന്നാണ് കേസുകൾ പരിഗണിക്കേണ്ടത്. പ്രസിഡൻറ് നിയമനത്തിനായി ജൂണിൽ പരീക്ഷ നിശ്ചയിച്ചെങ്കിലും കോവിഡ് കാരണം മാറ്റിെവച്ചു. നേരത്തേ സംസ്ഥാന ഫോറം നേരിട്ട് നിയമനം നടത്തുന്ന രീതി ഈയിടെ കേന്ദ്ര ഉപഭോക്തൃ നിയമ പരിഷ്കരണത്തിന് ശേഷമാണ് പരീക്ഷ വഴിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.