കോഴിക്കോട്: പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള മുസ്ലിം ലീഗ് ജില്ല കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. ഏകപക്ഷീയമായ ഭാരവാഹി പ്രഖ്യാപനത്തിനെതിരെ കൗൺസിൽ അംഗങ്ങൾ പ്രതിഷേധം ഉയർത്തിയപ്പോൾ ശരവേഗത്തിൽ നടപടി പൂർത്തീകരിച്ച് യോഗം പിരിച്ചുവിടേണ്ടിവന്നു.
തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള സമിതി, മണ്ഡലം കമ്മിറ്റി ഭാരവാഹികളുമായും പഴയ ജില്ല കമ്മിറ്റി ഭാരവാഹികളുമായും ചർച്ച നടത്തിയിരുന്നെങ്കിലും ഐകകണ്ഠ്യേനയുള്ള സമവായം സാധ്യമായിരുന്നില്ല. വിവിധ അഭിപ്രായങ്ങൾ ഉയർന്നതോടെ സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് ലിസ്റ്റ് രൂപപ്പെടുത്തി തെരഞ്ഞെടുപ്പ് സമിതി കൺവീനർ പി. അബ്ദുൽ ഹമീദ് എം.എൽ.എ വായിക്കുകയായിരുന്നു.
ഇതോടെ ബഹളം പാരമ്യത്തിലെത്തിയപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി ഹാളിൽനിന്ന് രക്ഷപ്പെട്ടു. ഉച്ചക്ക് രണ്ടിന് തുടങ്ങുമെന്നറിയിച്ച കൗൺസിൽ യോഗം സമവായം രൂപപ്പെടാത്തതിനെ തുടർന്ന് വൈകീട്ട് നാലിനാണ് തുടങ്ങിയത്. പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടന സംസാരത്തിൽ പൊതുവായകാര്യങ്ങൾ പറഞ്ഞശേഷം ഭാരവാഹി പ്രഖ്യാപനം സമവായത്തോടെയാകണമെന്ന് അഭ്യർഥിച്ചു.
ഇത് കേട്ടപ്പോൾതന്നെ ബഹളം രൂക്ഷമായി. നേതാക്കൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധിച്ച അംഗങ്ങൾ ഇരിക്കാൻ തയാറായില്ല. ജന. സെക്രട്ടറി ഇൻ ചാർജ് പി.എം.എ. സലാം, എം.കെ. മുനീർ എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. ഹമീദ് എം.എൽ.എ പുതിയ ഭാരവാഹികളുടെ ലിസ്റ്റ് വായിച്ചതോടെ ബഹളം പാരമ്യതയിലായി.
കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും ബഹളം നിർത്താൻ തയാറാവാത്തതിനെ തുടർന്ന് സാദിഖലി തങ്ങളുടെ അനുമതിയോടെയാണ് ലിസ്റ്റ് രൂപപ്പെടുത്തിയതെന്നും എല്ലാവരും തക്ബീർ ചൊല്ലി പാസാക്കണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടു.
അഹമ്മദ് പുന്നക്കലിനെ ഒഴിവാക്കിയതിനെതിരെ നാദാപുരം മണ്ഡലത്തിൽനിന്നുള്ള അദ്ദേഹത്തെ പിന്തുണക്കുന്ന അംഗങ്ങൾ രൂക്ഷ എതിർപ്പുയർത്തി. ഒടുവിൽ പുന്നക്കലിനെ വൈസ് പ്രസിഡന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി. വടകര മണ്ഡലത്തിൽനിന്ന് പ്രാതിനിധ്യമുണ്ടാകാത്തതിനെ തുടർന്ന് അവിടത്തെ അംഗങ്ങളും ശക്തമായി പ്രതിഷേധിച്ചു.
ഒടുവിൽ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് നേതാക്കൾ വേദിവിട്ടിറങ്ങിയപ്പോഴും അംഗങ്ങളുടെ ബഹളം തുടർന്നു. എം.കെ. മുനീർ, കെ.എം. ഷാജി വിഭാഗവും കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരും എന്ന നിലയിലേക്കണ് ഭാരവാഹി തെരഞ്ഞെടുപ്പിന്റെ ഗതി രൂപപ്പെട്ടത്. ജില്ലയിൽ മുനീർ വിഭാഗത്തിന്റെ സ്വാധീനം തെളിയിക്കുന്നതായി അവസാന പ്രഖ്യാപനം. അന്തിമ ലിസ്റ്റ് രൂപപ്പെടുത്തുന്നതിൽ പ്രമുഖ സംസ്ഥാന നേതാക്കൾ ഇടപെട്ടതായാണ് വിവരം.
നിലവിലെ കമ്മിറ്റിയിൽനിന്ന് ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല, കെ. മൊയ്തീൻകോയ, റഷീദ് വെങ്ങളം, പി.കെ.വി. യൂസുഫ്, നൊച്ചാട് കുഞ്ഞബ്ദുല്ല, വി.പി. ഇബ്രാഹിം കുട്ടി എന്നിവർ പുറത്തായി. ടി.ടി. ഇസ്മായിൽ (ജന. സെക്ര), സൂപ്പി നരിക്കാട്ടേരി (ട്രഷറർ), പി. ഇസ്മായിൽ, വി.കെ.സി. ഉമ്മർ മൗലവി (വൈസ് പ്രസിഡന്റുമാർ), അഡ്വ. എ.വി. അൻവർ, എ.പി. അബ്ദുൽ മജീദ്, കെ.കെ. നവാസ് (സെക്രട്ടറിമാർ) എന്നിവരാണ് പുതുതായി കമ്മിറ്റിയിലേക്ക് കടന്നുവന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളിൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി സെക്രട്ടറിയാണ് പുതുതായി ജില്ല കമ്മിറ്റിയിൽ വന്ന അഡ്വ. എ.വി. അൻവർ. യൂത്ത് ലീഗ് മുൻ ജില്ല സെക്രട്ടറി കെ.കെ. നവാസാണ് യുവ പ്രതിനിധിയായി ഇടംപിടിച്ചത്.
പ്രസിഡന്റായ എം.എ. റസാഖ് സി.എച്ച് സെന്ററിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് സമാപന പ്രവർത്തകസമിതിയിൽ ഉൾപ്പെടെ ആവശ്യമുയർന്നിരുന്നു. സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്കിടയിൽ പാർട്ടി കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാത്തതുസംബന്ധിച്ചായിരുന്നു വിമർശനം.
പ്രസിഡന്റായതോടെ ഇക്കാര്യത്തിൽ റസാഖിന് പുനർവിചിന്തനം നടത്തേണ്ടിവരും. ഒരാൾക്ക് ഒരു പദവി എന്നനയം കർശനമാക്കിയതിനാൽ, ജില്ല കമ്മിറ്റിയിൽ കടന്നുവന്ന നിലവിലെ മണ്ഡലം ഭാരവാഹികൾക്ക് ആ സ്ഥാനം രാജിവെക്കേണ്ടിവരും.
കോഴിക്കോട്: മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയെ ഇനി എം.എ. റസാഖും ടി.ടി. ഇസ്മായിലും നയിക്കും. കക്കോടി മിയാമി സെന്ററിൽ നടന്ന ജില്ല കൗൺസിൽ യോഗത്തിലാണ് റസാഖിനെ പ്രസിഡന്റായും ഇസ്മായിലിനെ ജന. സെക്രട്ടറിയായും പ്രഖ്യാപിച്ചത്. സൂപ്പി നരിക്കാട്ടേരിയാണ് പുതിയ ട്രഷറർ.
കെ.എ. ഖാദര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി. അബൂബക്കര്‍, പി. അമ്മദ്, എസ്.പി. കുഞ്ഞഹമ്മദ്, പി. ഇസ്മായില്‍, വി.കെ.സി. ഉമ്മര്‍ മൗലവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.പി.എ. അസീസ്, വി.കെ. ഹുസൈന് കുട്ടി, ഒ.പി. നസീര്‍, അഡ്വ. എ.വി. അന്‍വര്‍, എ.പി. അബ്ദുല്‍ മജീദ്, എം. കുഞ്ഞാമുട്ടി, കെ.കെ. നവാസ് എന്നിവരെ സെക്രട്ടറിമാരായും പ്രഖ്യാപിച്ചു.
നിലവിലെ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലയെ ഒഴിവാക്കിയാണ് പഴയ ജന. സെക്രട്ടറിയായ എം.എ. റസാഖ് പ്രസിഡന്റ് സ്ഥാനത്തേക്കുവന്നത്. യു.ഡി.എഫ് സർക്കാർ കാലത്ത് പി.എസ്.സി അംഗമായിരുന്ന ടി.ടി. ഇസ്മായിൽ നേരത്തെ ജില്ല ട്രഷററായിട്ടുണ്ട്. കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നു.
നാദാപുരം മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയായാണ് സൂപ്പി ട്രഷറർ സ്ഥാനത്ത് എത്തിയത്. തെരഞ്ഞെടുപ്പ് സമിതി കൺവീനറായ പി. അബ്ദുൽ ഹമീദ് എം.എൽ.എ നേരത്തെ രൂപപ്പെടുത്തിയ ലിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.