വടകര: ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും ദീർഘദൂരയാത്രക്ക് സഹായവുമായി നിർമിക്കുന്ന അഴിയൂർ- മാഹി-മുഴപ്പിലങ്ങാട് ബൈപാസ് റോഡ് നിർമാണം 18 കിലോമീറ്റർ പൂർത്തിയായി. ഇനി ബാക്കിയുള്ളത് രണ്ട് മേൽപാലങ്ങളുടെ പ്രവൃത്തിയാണ്. അഴിയൂർ റെയിൽവേ മേൽപാലം, ബാലംപാലം തുടങ്ങിയവയുടെ നിർമാണം പൂർത്തിയാകുന്നതോടെ ബൈപാസ് ഉദ്ഘാടനത്തിന് സജ്ജമാവും.
ചില സർവിസ് റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളും ഇതോടൊപ്പം പൂർത്തീകരിക്കേണ്ടതുണ്ട്. ബാലം പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട കേസുകൾക്ക് പരിഹാരമായതോടെ നിർമാണപ്രവൃത്തിയും വേഗത്തിലായി. റെയിൽവേയാണ് പാലങ്ങളുടെ പണി പൂർത്തീകരിക്കേണ്ടത്.
നിർമാണത്തിന്റെ ഭാഗമായുള്ള പരിശോധനകളും ട്രെയിനുകളുടെ ഓട്ടം ക്രമീകരിച്ചുള്ള പ്രവൃത്തിയുമാണ് നടക്കുന്നത്. ജില്ല അതിർത്തിയിൽ അഴിയൂർ മേൽപാലത്തിന്റെ നിർമാണം പൂർത്തിയായി. അഴിയൂർ-മാഹി- മുഴപ്പിലങ്ങാട് ബൈപാസ് 18.6 കിലോമീറ്റർ ദൂരത്തിലാണ് നിർമിക്കുന്നത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന പ്രധാന ടൗണുകളായ മാഹി, തലശ്ശേരി ടൗണുകളെ ഒഴിവാക്കിയാണ് പുതിയ പാതയുടെ നിർമാണം. ടോൾ പ്ലാസയോട് കൂടിയാണ് ബൈപാസ് നിർമാണം നടക്കുന്നത്. 1300 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിക്കുക. അഴിയൂർ, മാഹി, ചൊക്ലി, ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. റെയിൽവേയുടെ മെല്ലെപ്പോക്കാണ് നിർമാണത്തിന് തടസ്സമായത്. നിയമപ്രശ്നങ്ങൾ നീങ്ങിയതും റെയിൽവേ പച്ചക്കൊടി വീശിയതും പാത നേരത്തെ തുറക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.