വടകര: ന്യൂ ജനറേഷൻ ബാങ്കുകളോട് മത്സരിക്കുന്ന രീതിയിൽ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ സഹകരണ മേഖല തയാറാകണമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നടക്കുതാഴ സർവിസ് സഹകരണ ബാങ്കിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾ പുതിയ സംവിധാനങ്ങൾ വഴിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. ഈ മാറ്റത്തെ സഹകരണ മേഖലയിലും ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ജനങ്ങൾ സഹകരണ മേഖലയിൽ അർപ്പിച്ച വിശ്വാസം തിരിച്ച് ജനങ്ങൾക്കും നൽകാൻ സഹകരണ പ്രസ്ഥാനങ്ങൾ തയാറാകണം.
ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ സഹകരണ മേഖല എല്ലാം തട്ടിപ്പാണെന്ന പ്രചാരണമാണ് നടക്കുന്നത്. ചിലയിടങ്ങളിൽ തെറ്റായ പ്രവണതയുണ്ടായി. ഇത് കൂട്ടമായി പരിഹരിക്കുന്നതിന് പകരം വിശ്വാസ്യതയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കെ.എം. മനോജൻ റിപ്പോർട്ട് അവതരിപ്പിച്ചു. 123 സ്ഥാപക അംഗങ്ങളെ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ആദരിച്ചു. കടത്തനാട് നാരായണൻ, സുരേഷ്ബാബു ശ്രീസ്ഥ എന്നിവരെ ആദരിച്ചു .സഹകരണ സംഘം അസി. രജിസ്ട്രാർ പി. ഷിജു, പി.കെ. ദിവാകരൻ, ഇ. അരവിന്ദാക്ഷൻ, എൻ.കെ. രാമചന്ദ്രൻ, ടി.പി. ഗോപാലൻ, പ്രഫ. കെ.കെ. മഹമൂദ്, എ.വി. ഗണേശൻ, സോമൻ മുതുവന, സി. കുമാരൻ, സി. കെ. കരീം, അഡ്വ.ലതിക ശ്രീനിവാസ്, പി. സോമശേഖരൻ, പി. സത്യനാഥൻ, പി.കെ. ശശി, എ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.