കോഴിക്കോട്: കോർപറേഷനിലെ 75 കൗൺസിലർമാർക്കും ഉത്തരേന്ത്യയിൽ പഠനയാത്ര നടത്താൻ സർക്കാർ അനുമതി. മേയർ ഈ ആവശ്യമുന്നയിച്ച് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അഞ്ചു കൊല്ലത്തിനിടെ ഓരോ കൗൺസിൽ കാലാവധിക്കുമുള്ളിൽ നടത്തുന്ന പഠനപരിപാടിയുടെ ഭാഗമായാണ് ജനപ്രതിനിധികൾ യാത്ര തിരിക്കുന്നത്. മൊത്തം കൗൺസിലർമാർക്കും രണ്ടു ബാച്ചായി 10 ദിവസം വീതം പഠനയാത്ര നടത്താൻ അനുമതി തേടിയായിരുന്നു അപേക്ഷ.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഡൽഹി, പഞ്ചാബ്, ചണ്ഡിഗഢ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് യാത്ര. നഗരസഭകളുടെ ഓഫിസ് പ്രവർത്തനം, മാലിന്യ സംസ്കരണം, നഗരസഭ സംവിധാനങ്ങൾ എന്നിവയാണ് പഠിക്കുക. ബാച്ചുകളായി തിരിഞ്ഞുള്ള യാത്രക്ക് മൊത്തം 15 ലക്ഷം രൂപ തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കാനാണ് അനുമതി. സംസ്ഥാന ഗവർണറുടെ നിർദേശപ്രകാരം അനുമതി നൽകി തദ്ദേശ സ്വയംഭരണ അഡീഷനൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൽഹി, ചണ്ഡിഗഢ് തുടങ്ങിയ ഭാഗങ്ങളിൽ 10 ദിവസം നീളുന്ന പഠനയാത്ര 2017ലും നടന്നിരുന്നു. അന്ന് 46 കൗൺസിലർമാർ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലായിരുന്നു യാത്ര പോയത്. യാത്രയിൽ പ്രതിപക്ഷ, ഭരണപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ പങ്കെടുത്തിരുന്നു. ചണ്ഡിഗഢ് പോലുള്ള മാതൃക നഗരങ്ങൾ സന്ദർശിച്ച് ജനപ്രതിനിധികൾ കാര്യങ്ങൾ മനസ്സിലാക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം. ജനപ്രതിനിധികളുടെ മാനസികോല്ലാസവും കൂട്ടായ്മ വളർത്തലും ഉന്നമാണ്.
സംസ്ഥാനം സമ്പൂർണ മാലിന്യരഹിതമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണ പരിപാടിയുടെ മുന്നൊരുക്കങ്ങളും പനിക്കാലത്തെ ആരോഗ്യ പ്രവർത്തനങ്ങളും നടക്കുന്നതിനിടെയായിരുന്നു അന്ന് കൗൺസിലർമാരുടെ യാത്ര. ഇത് വിവാദമായിരുന്നു. അന്ന് നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് യാത്രക്കായി അഞ്ചു ലക്ഷം ചെലവിടാൻ സർക്കാർ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.