കോഴിക്കോട്: ജീവനക്കാരുടെ പാസ്വേഡടക്കം ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയെന്ന കേസിൽ അറസ്റ്റിലായ കോർപറേഷൻ ജീവനക്കാരുമായി പൊലീസ് ഓഫിസിൽ തെളിവെടുപ്പ് നടത്തി. കോർപറേഷൻ കെട്ടിട നികുതി വിഭാഗം ക്ലർക്ക് ചേവരമ്പലം പൊന്നോത്ത് എൻ.പി. സുരേഷ് (56), കോർപറേഷൻ തൊഴിൽ നികുതി വിഭാഗത്തിലെ ക്ലർക്ക് വേങ്ങേരി അനിൽകുമാർ മഠത്തിൽ (52) എന്നിവരെയാണ് കേസന്വേഷിക്കുന്ന അസി.പൊലീസ് കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ കോർപറേഷൻ ഓഫിസിലെത്തിച്ചത്.
രണ്ട് പ്രതികളെയും കോർപറേഷൻ സെക്രട്ടറി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ കൂടുതൽ തെളിവെടുപ്പിനായി രണ്ട് ദിവസത്തേക്ക് വിട്ടുകിട്ടണമെന്നപേക്ഷിച്ച് പൊലീസ് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ വെള്ളിയാഴ്ച വൈകീട്ട് നാല് വരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഫാത്തിമാ ബീവി പ്രതികളെ വിട്ടു നൽകിയത്. ഉടൻ പ്രതികളുമായി കോർപറേഷൻ ഓഫിസിലെത്തിയ സംഘം റവന്യൂ വിഭാഗത്തിൽ പ്രതികൾ കൈകാര്യം ചെയ്ത ഫയലുകൾ ഒന്നാം പ്രതിയുടെ സാന്നിധ്യത്തിൽ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഓഫിസ് വളപ്പിലെ വാഹനത്തിലേക്ക് മാറ്റിയ ശേഷം കമ്പ്യൂട്ടറുകളും മറ്റുരേഖകളും പരിശോധിച്ചു.
ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ച തിരിച്ചേൽപിക്കേണ്ടതിനാൽ വൈകും വരെ ഫയൽ പരിശോധന തുടർന്നു. ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയതായി കണ്ടെത്തിയെന്ന് കോർപറേഷൻ സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കെട്ടിടവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
കോർപറേഷൻ കൗൺസിലിലും ഓഫിസിലുമുണ്ടായ കൈയാങ്കളിയെയും ആക്രമണത്തെയും പറ്റി അന്വേഷിക്കാൻ ടൗൺ പൊലീസ് സംഘവും കോർപറേഷൻ ഓഫിസിലെത്തി. ടൗൺ എസ്.ഐ എസ്. ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേയറുടെ ഓഫിസിലും മറ്റും തെളിവെടുപ്പ് നടത്തിയത്. തകർത്ത മേയറുടെ നെയിം ബോർഡടക്കം പരിശോധിച്ചു. മേയറുടെ പരാതിയിൽ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, എസ്.കെ. അബൂബക്കർ, എം.സി. സുധാമണി, സൗഫിയ അനീഷ്, ബി.ജെ.പിയുടെ ടി. റനീഷ്, സരിത പറയേരി, അനുരാധ തായാട്ട്, എൻ. ശിവപ്രസാദ്, രമ്യ സന്തോഷ് എന്നിവരാണ് പ്രതികൾ.
കോർപറേഷൻ കെട്ടിട നമ്പർ ക്രമക്കേടിനും അഴിമതിക്കുമെതിരെ കോൺഗ്രസ് ബ്ലാക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. ഗേറ്റിനുമുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ഇളക്കിമാറ്റിയതോടെ നേരിയ സംഘർഷാവസ്ഥയുണ്ടായി. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മേയറല്ല, സി.പി.എം ജില്ല കമ്മിറ്റി ഓഫിസാണ് കോർപറേഷൻ ഭരണം നടത്തുന്നതെന്ന് സിദ്ദീഖ് കുറ്റപ്പെടുത്തി. സി.പി.എം ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടാസംഘമാണ് കോർപറേഷനെ നിയന്ത്രിക്കുന്നത്. പ്രതിപക്ഷ കൗൺസിലർക്കെതിരെ കേസെടുത്ത് പേടിപ്പിക്കാനാവില്ല. അഴിമതിവെച്ച് പൊറുപ്പിക്കാൻ കോൺഗ്രസിനാവില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. സി.പി.എം ഓഫിസിലെ പ്രമുഖരെ ചോദ്യം ചെയ്യണം. കോർപറേഷൻ സെക്രട്ടറിക്ക് സംഭവത്തിൽ പങ്കുണ്ട്. ഇത്തരം കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, കെ.സി. അബു, കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, പി. മമ്മദ്കോയ, ബിനീഷ് കുമാർ, വി. റാസിഖ്, മനക്കൽ ശശി, കണ്ടിയിൽ ഗംഗാധരൻ, വി. അബ്ദുൽ റസാഖ്, കൗൺസിലർമായ കെ. മൊയ്തീൻ കോയ, രാജേഷ്, നിർമല, എം.സി. സുധാമണി എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.കെ. അബൂബക്കർ സ്വാഗതവും ഷറിൽ ബാബു നന്ദിയും പറഞ്ഞു.
കോർപറേഷനിലെ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകി വൻ വെട്ടിപ്പ് നടത്തിയവർക്കും കൂട്ടുനിന്ന സെക്രട്ടറിക്കുമെതിരെ കൗൺസിൽ യോഗത്തിൽ ശബ്ദമുയർത്തിയ യു.ഡി.എഫ് കൗൺസിലർമാരെ കള്ളക്കേസിൽ കുടുക്കിയ ഭരണ നേതാക്കൾ കേസ് റദ്ദാക്കിയില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണനും കൺവീനർ എം.എ. റസാഖും മുന്നറിയിപ്പ് നൽകി.
ഏഴ് മാസം മുമ്പ് ഇതുസംബന്ധിച്ച് പരാതി നൽകിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്ത പോലെയാണ്, പകൽകൊള്ളക്കെതിരെ ശബ്ദമുയർത്തിയ കൗൺസിലർമാരെ കേസിൽ കുടുക്കിയത്. കള്ളക്കേസിനെതിരെ 75 വാർഡുകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പിൻവലിച്ച്, പ്രശ്നങ്ങൾ യാഥാർഥ്യബോധത്തോടെ കൈകാര്യം ചെയ്യാൻ ഭരണനേതൃത്വം തയാറാകണമെന്നും ആവശ്യപ്പെട്ടു.
കോർപറേഷൻ അഡീഷനൽ സെക്രട്ടറി കെ. മനോഹർ കഴിഞ്ഞ ദിവസം നൽകിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് വരുകയാണെന്ന് മേയർ ഡോ. ബീന ഫിലിപ് അറിയിച്ചു. രണ്ട് ദിവസത്തിനകം തുടർ നടപടിയുണ്ടാകും. സെക്രട്ടറി കെ.യു. ബിനിയുമായി ചർച്ച ചെയ്തശേഷമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാനാവൂ. ഔദ്യോഗിക ആവശ്യങ്ങൾക്കായി സെക്രട്ടറി തിരുവനന്തപുരത്താണുള്ളത്. ജീവനക്കാരുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്.
സാങ്കേതിക കാര്യങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ശിപാർശ ചെയ്യുന്നതാണ് അഡീഷനൽ സെക്രട്ടറിയുടെ റിപ്പോർട്ട് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ കോർപറേഷൻ ഓഫിസിന് മുന്നിൽ ജീവനക്കാർ നടത്തുന്ന അനിശ്ചിത കാല കൂട്ടധർണ തുടരും. നാല് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.