കോഴിക്കോട്: ആരോഗ്യ പ്രവർത്തകരിലടക്കം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗവ.മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഒ.പികളിലടക്കം ഇതോടെ കൂടുതൽ നിയന്ത്രണങ്ങൾ വരും. ഒ.പി സമയം ഒരു മണിക്കൂർ കുറക്കാനാണ് യോഗത്തിൽ ധാരണയായത്. കാറ്റഗറി സി വിഭാഗത്തിലുള്ള അതി ഗുരുതര കോവിഡ് രോഗികൾക്കാണ് മുൻഗണന നൽകുക. ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കൂ. മെഡിക്കൽ കോളജിലെ എല്ലാ തിയറി ക്ലാസുകളും ഓൺലൈനാക്കി മാറ്റും.
ശക്തമായ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ആശുപത്രിക്കും ഹോസ്റ്റൽ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. പത്ത് ഡോക്ടർമാരും ആറു വിദ്യാർഥികളുമടക്കം 17 ആരോഗ്യപ്രവർത്തകർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകർ 117 ആയി.52 ഡോക്ടർമാരും 30 നഴ്സുമാരുമാണുള്ളത്.
കോഴിക്കോട്: ജില്ലയില്‍ 4,016 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 19,710 ആയി. സമ്പര്‍ക്കം വഴി 3,938 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 36 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 37 പേര്‍ക്കും അഞ്ച് ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,602 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 872 പേര് കൂടി രോഗമുക്തി നേടി. 42.70 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ). പുതുതായി വന്ന 3,728 പേര് ഉള്‍പ്പടെ 22,579 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. രോഗികളിൽ 15,048 പേർ വീടുകളിലാണ് ചികിത്സയിലുളളത്. 4,596 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയ മൂന്നെണ്ണമടക്കം ജില്ലയിലെ ആകെ കോവിഡ് ക്ലസ്റ്ററുകൾ 18 ആയി ഉയർന്നു.
കോഴിക്കോട്: കോവിഡ് രോഗികൾ വർധിക്കുന്നതിനനുസരിച്ച് ആശുപത്രികളിൽ പ്രവേശനം വർധിക്കുന്നതിനാൽ മുൻകരുതൽ നടപടിയുമായി ജില്ല ഭരണകൂടം. കോവിഡ് രോഗികൾക്ക് പ്രാധാന്യം നൽകിയുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. മെഡിക്കൽ കോളജുകളടക്കം ജില്ലയിലെ സ്വകാര്യ, സഹകരണ, ഇ.എസ്.ഐ ആശുപത്രികളിൽ ആകെയുള്ള കിടക്കകളുടെ പകുതിയും കോവിഡ് രോഗികൾക്ക് മാത്രമായി നീക്കിവെക്കണം. എല്ലാ ആശുപത്രികളും കോവിഡ് രോഗികളുടെ ചികിത്സ ഉറപ്പുവരുത്തണം.
ആർക്കും ചികിത്സ നിഷേധിക്കരുതെന്ന് ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. അനാവശ്യമായ ആശുപത്രി പ്രവേശനം കർശനമായി ഒഴിവാക്കണം. കോവിഡല്ലാത്ത അടിയന്തരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെ പ്രാധാന്യത്തോടെ ചികിത്സിക്കണം. ജില്ല മെഡിക്കൽ ഓഫിസറും ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം ഓഫിസറുമുൾപ്പെടെയുള്ളവർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. കോവിഡ് വ്യാപനം കുറയുന്നതുവരെ ഈ ഉത്തരവ് നിലനിൽക്കും.
കോഴിക്കോട്: ജില്ലയിൽ ഗ്രാമങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിൽ രോഗസ്ഥിരീകരണ നിരക്കിൽ (ടി.പി.ആർ) കുതിപ്പ്. പരിശോധിക്കുന്നതിൽ രണ്ടിലൊരാൾക്ക് കോവിഡ് എന്നതാണ് വ്യാഴാഴ്ചയിലെ കണക്ക്. പരിശോധനകൾ താരതമ്യേന കുറവായതിനാലാണ് ടി.പി.ആറിലെ ഈ വർധന. വമ്പൻ ക്ലസ്റ്ററുകളില്ലെന്നതാണ് ഏക ആശ്വാസം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അതിവ്യാപനമില്ല. നഗരപ്രദേശങ്ങളിൽ രോഗവ്യാപനം താരതമ്യേന കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അഞ്ച് പഞ്ചായത്തുകളിൽ 60ന് മുകളിലാണ് രോഗസ്ഥിരീകരണ നിരക്ക്. 30ൽ കുറവ് ടി.പി.ആറുള്ള പത്ത് തദ്ദേശസ്ഥാപനങ്ങൾ മാത്രമേയുള്ളൂ. 67.86 ശതമാനം ടി.പി.ആറുള്ള കാവിലുംപാറയാണ് പട്ടികയിൽ മുന്നിൽ. ഇവിടെ 28ൽ 19 പേർക്കും രോഗമുണ്ട്. ചേമഞ്ചേരി 64.62 ശതമാനം (65ൽ 42), മരുതോങ്കര 64.52 (31ൽ 20), ഒഞ്ചിയം 60.34 (58ൽ 35), മൂടാടി 60.49 (81ൽ 49) എന്നിങ്ങനെയാണ് ഉയർന്ന ടി.പി.ആറുള്ള മറ്റ് തദ്ദേശസ്ഥാപനങ്ങൾ. 50 ശതമാനത്തിന് മുകളിൽ ടി.പി.ആറുള്ള 14 തദ്ദേശസ്ഥാപനങ്ങളുണ്ട്. ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന കോഴിക്കോട് കോർപറേഷനിൽ 46.62 ആണ് ടി.പി.ആർ. 3346 രോഗികളിൽ 1560 പേർക്കാണ് രോഗമുള്ളത്.
വാണിമേൽ പഞ്ചായത്തിലാണ് ഏറ്റവും കുറഞ്ഞ ടി.പി.ആർ, 11.54 ശതമാനം. ഇവിടെ 26 പേരെ പരിശോധിച്ചതിൽ മൂന്ന് പേർക്കാണ് പോസിറ്റിവായത്. അതേസമയം, രോഗസ്ഥിരീകരണ നിരക്ക് വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ടി. ജയകൃഷ്ണൻ പറഞ്ഞു. ആശുപത്രികളിലും ഐ.സി.യുവിലും പ്രവേശിപ്പിക്കുന്ന രോഗികൾ കൂടിയാൽ മാത്രമാണ് ആശങ്കയുണ്ടാകേണ്ടത്.
നിലവിൽ അതില്ല. ലക്ഷണങ്ങളുള്ളവർ മാത്രമാണ് പരിശോധന നടത്തുന്നത്. സ്വാഭാവികമായും ടി.പി.ആർ കൂടും. നേരത്തെ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ, ബന്ധുക്കളായവരും സമ്പർക്കപട്ടികയിലുള്ളവരുമായ നിരവധി പേരെ പരിശോധിക്കാറുണ്ടായിരുന്നു. അക്കാലത്ത് ടി.പി.ആർ കുറയാൻ കാരണമിതായിരുന്നെന്നും മാധ്യമങ്ങളടക്കം കൂടുതൽ ഭീതി പരത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.