കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്. കല്ലായി എ.ഡബ്ല്യു.എച്ച്.എസ് സ്പെഷല്‍ കോളജില്‍ വ്യാഴാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചന.
ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വിദ്യാർഥിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു. പരീക്ഷഹാളിൽ 14 പേരാണുണ്ടായിരുന്നത്. എന്നാൽ, പരീക്ഷക്കെത്തിയ 30ലേറെ കൂട്ടുകാരുമായി അടുത്ത സമ്പർക്കമുണ്ടായെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരീക്ഷ നടത്തിയതെന്നും വിദ്യാർഥി കുറ്റപ്പെടുത്തുന്നു.
അതേസമയം, പരീക്ഷ എഴുതിയ വിദ്യാർഥിക്ക് കോവിഡ് ബാധിച്ചെന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അധികൃതർ പറഞ്ഞു. കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സത്യാവസ്ഥ അന്വേഷിക്കും. ആരോഗ്യവകുപ്പിൽനിന്ന് വിദ്യാർഥിയുടെ വിവരങ്ങൾ തേടും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് കോളജിൽ പരീക്ഷ നടത്തിയത്. ഗേറ്റിനരികിൽ കൈ കഴുകാൻ സംവിധാനമുണ്ടായിരുന്നു. പരീക്ഷ നടക്കുന്ന ഒന്നാം നിലയിലേക്ക് കയറുന്നതിനുമുമ്പ് ശരീരോഷ്മാവ് പരിശോധിച്ചിരുന്നു. അകലം പാലിച്ചു തന്നെയാണ് ഇരിപ്പിടം ഒരുക്കിയത്.
കോളജ് പരിസരത്ത് സാമൂഹിക അകലം പാലിക്കേണ്ടത് വിദ്യാർഥികളുടെകൂടി കടമയാണ്. ക്വാറൻറീനിലുള്ളവരും ലക്ഷണമുള്ളവരും പരീക്ഷകേന്ദ്രങ്ങളിലെ ഉത്തരവാദപ്പെട്ടവരെ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. പരീക്ഷ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് അട്ടിമറി ശ്രമങ്ങളുണ്ടെങ്കിൽ കർശന നടപടിക്കും സർവകലാശാല ഒരുങ്ങുകയാണ് -അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.