കോഴിക്കോട്: നോർത്തിന് പിന്നാലെ കുന്ദമംഗലം ഏരിയ സമ്മേളനത്തിലും തന്ത്രം വിജയിപ്പിച്ച് സി.പി.എം ജില്ല നേതൃത്വം. കോഴിക്കോട് നോർത്തിൽ എ. പ്രദീപ് കുമാർ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി അടുപ്പമുള്ള മൂന്ന് നേതാക്കളെ കമ്മിറ്റിയിൽ നിന്നൊഴിവാക്കുകയായിരുന്നുവെങ്കിൽ കുന്ദമംഗലത്ത് നിലവിലെ ഏരിയ സെക്രട്ടറിയെ മാറ്റുകയാണ് ചെയ്തത്. പഴയ കമ്മിറ്റിയിലും പുതിയ കമ്മിറ്റിയിലും കൂടുതൽപേരുടെ പിന്തുണയുള്ളയാളാണ് സെക്രട്ടറിയായിരുന്ന ഇ. വിനോദ് കുമാർ. ഒരു ടേം മാത്രമാണ് പൂർത്തിയായത് എന്നതിനാലും പ്രായക്കൂടുതൽ, മറ്റ് ആരോപണങ്ങൾ എന്നിവ ഇല്ലാത്തതിനാലും ഇദ്ദേഹത്തിന് സെക്രട്ടറിയായി തുടരുന്നതിന് ഒരു തടസ്സവുമില്ലായിരുന്നു. എന്നാൽ, ജില്ല സെക്രട്ടറി പി. മോഹനൻ, എളമരം കരീം എം.പി എന്നിവർ നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷത്തിന് അനഭിമതനാണ് എന്നതാണ് വിനോദിന് വിനയായത്.പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ തയാറാക്കിയപ്പോൾ നിലവിലെ കമ്മിറ്റിയിലുള്ള കെ. കൃഷ്ണൻ കുട്ടി, ടി.വി. മാധവൻ എന്നിവരെ ഒഴിവാക്കി നേരത്തേയുണ്ടായിരുന്ന ഒഴിവുകൾ കൂടി നികത്തി ഇ.എൻ. പ്രേംനാഥ്, പ്രസാദ്, കെ.എം. ഗണേശൻ, എസ്.എഫ്.ഐ ഏരിയ സെകട്ടറി എ.സി. അജയ് എന്നിവരെ ഉൾപ്പെടുത്തുകയായിരുന്നു. പുതിയ കമ്മിറ്റിയിലും പഴയ സെക്രട്ടറി വിനോദിന് വ്യക്തമായ മേധാവിത്വമുണ്ടെന്ന് മനസ്സിലാക്കിയ ജില്ല നേതൃത്വം 'മുള്ളിനെ മുള്ളുകൊണ്ടെടുക്കുക' എന്ന നയമാണ് പിന്നീട് നടപ്പാക്കിയത്.
ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് തൊട്ടുമുമ്പ് ജില്ല നേതൃത്വം വിനോദിനെ പ്രത്യേകം വിളിപ്പിച്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് ഏകപക്ഷീയമായി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. കമ്മിറ്റി അംഗങ്ങൾ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും പി. ഷൈപുവിെൻറ പേര് നിർദേശിക്കണമെന്ന് നേതൃത്വം താക്കീതായി പറഞ്ഞു. യോഗത്തിൽ വി.പി. രവീന്ദ്രൻ സെക്രട്ടറിയായി വിനോദിെൻറ പേര് തന്നെ നിർദേശിച്ചെങ്കിലും ജില്ല നേതാക്കൾ ഇതംഗീകരിക്കാതെ വിനോദ് പറയട്ടെ എന്ന നിലപാടെടുത്തു. തുടർന്ന്, ജില്ല നേതൃത്വം കൂടിയാലോചിച്ച സ്ഥിതിക്ക് ഞാൻ ഷൈപുവിെൻറ പേര് നിർദേശിക്കുന്നുവെന്ന് വിനോദ് പറയുകയും കമ്മിറ്റി അംഗങ്ങൾ ഐകകണ്േഠ്യനെ ഇതംഗീകരിക്കുകയുമായിരുന്നു. അവസാനനിമിഷം അപ്രതീക്ഷിതമായി സെക്രട്ടറിയെ മാറ്റി പുതിയ ആളെ പ്രതിഷ്ഠിച്ചത് പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ കല്ലുകടിയുണ്ടാക്കുമെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്.
എളമരം കരീം, പി. മോഹനൻ, ജോർജ് എം. തോമസ്, എം. മെഹബൂബ്, മാമ്പറ്റ ശ്രീധരൻ, വി.പി. കുഞ്ഞികൃഷ്ണൻ, സി. ഭാസ്കരൻ, ഇ. രമേശ് ബാബു, ടി. വിശ്വനാഥൻ, ആർ.പി. ഭാസ്കരൻ, പി.കെ. പ്രേംനാഥ് തുടങ്ങിയവരാണ് സമ്മേളനത്തിൽ പങ്കെടുത്ത മേൽ കമ്മിറ്റി നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.