തലക്കുളത്തൂർ: സുരക്ഷ കാരണങ്ങൾ മുൻനിർത്തി തലക്കുളത്തൂർ പഞ്ചായത്ത് നടുത്തുരുത്തിക്കടവ് അടച്ചെങ്കിലും മറ്റു മാർഗമില്ലാത്തതിനാൽ ജനങ്ങൾ കടവുകടക്കുന്നു. വളരെ അപകടകരമായ രീതിയിലാണ് പരിചയമില്ലാത്തവർപോലും വിദ്യാർഥികളെ കയറ്റി തോണി യാത്ര നടത്തുന്നത്. രാവിലെ പത്തുമണിവരെയും വൈകീട്ട് അഞ്ചുമണിക്കും പലരും തോണിയെടുത്ത് യാത്ര നടത്തുകയാണ്. ദേശസേവ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോണി കടവിൽ നിർത്തിയിടുകയാണ്.
എലത്തൂരിലും തിരിച്ചും എത്താൻ നടത്തുരുത്തിക്കാർ ഏറെ ചുറ്റിക്കറങ്ങിപ്പോകേണ്ട ദുരിതമോർത്ത് തോണി ഉപയോഗിക്കുന്നത് ആരും എതിർക്കാറുമില്ല. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ കടവ് നടത്താൻ അനുവദിക്കൂവെന്ന് പഞ്ചായത്ത് അധികൃതരും വാർഡ് അംഗവും പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ അപകടയാത്ര നിർബാധം തുടരുകയാണ്. വല്ല അപകടവും സംഭവിക്കുന്നതിനു മുമ്പ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലരും പുഴ നീന്തിക്കടന്നാണ് മറുകരയെത്തുന്നത്. മഴയത്തുള്ള നീന്തൽ ഏറെ അപകടവുമാണ്. എലത്തൂരിൽ എത്താൻ 10 മിനിറ്റ് മതിയായിരുന്നു.
കടവ് നിലച്ചതോടെ 15 കിലോമീറ്റർ ചുറ്റിവേണം എലത്തൂരിൽ എത്താൻ. നടുത്തുരുത്തിക്കടവ് വഴിയുള്ള തോണി സർവിസ് നിർത്തിവെക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർച ഉത്തരവിട്ടതോടെയാണ് പ്രദേശത്തുകാർക്ക് ഇടിത്തീ വീണത്. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇപ്പോൾ അംഗീകാരമില്ലാത്ത അപകടയാത്രക്ക് നിർബന്ധിതമാകുന്നത്. നടുത്തുരുത്തിയെയും എലത്തൂരിനെയും ബന്ധിപ്പിക്കുന്ന ഏകമാർഗമാണ് കോരപ്പുഴക്ക് കുറുകെയുള്ള നടുത്തുരുത്തിക്കടവ്. താനൂർ ബോട്ടപകട സാഹചര്യത്തിൽ നടന്ന പരിശോധനയിലാണ് സുരക്ഷയില്ലെന്ന കാരണം പറഞ്ഞ് തോണി സർവിസ് നിർത്തിവെക്കാൻ ഉത്തരവിട്ടത്. ഇതോടെ വിദ്യാർഥികളും ജീവനക്കാരും യാത്രക്കാരും ഏറെ ദുരിതത്തിലായി. നടുത്തുരുത്തിയിൽ നൂറിലധികം വീടുകളാണുള്ളത്. സ്കൂളുകൾ, പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ബസ് കേന്ദ്രം തുടങ്ങിയവയെല്ലാം എലത്തൂരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.