കോഴിക്കോട്: ജില്ലയിൽ മഴയിലും കാറ്റിലും അപകടങ്ങളും കെട്ടിടം തകർച്ചയും കടൽക്ഷോഭവും വെള്ളക്കെട്ടും തുടരുന്നു. നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. മഴക്കിടയിൽ പനിയും പടരുന്നുണ്ട്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ സൈക്കിൾ കുരുങ്ങി മണിയൂർ മുതുവന കടേക്കുടി മുഹമ്മദ് നിഹാൽ (18) മരിച്ചു.
വടകര മേഖലയിൽ എൻ.സി കനാലിൽ മീൻപിടിക്കുന്നതിനിടെ ബുധനാഴ്ച വഴുതി വീണ യുവാവിനെ കണ്ടെത്താനായില്ല. എടച്ചേരി പൊലീസും വടകര അഗ്നിരക്ഷാസേന, സ്കൂബ ടീം, നാട്ടുകാർ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായയാൾക്കുവേണ്ടിയും തിരച്ചിൽ തുടരുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല എം.എല്‍.എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
ദേശീയപാത വികസനം പുരോഗമിക്കുന്ന പയ്യോളി ഇരിങ്ങലിൽ റോഡിൽനിന്ന് വീടുകളിലേക്ക് വെള്ളം കുത്തിയൊഴുകുന്നതിൽ പ്രതിഷേധിച്ച് കരാറുകാരായ വഗാഡിന്റെ ലോറികൾ നാട്ടുകാർ തടഞ്ഞിട്ടു. പയ്യോളി പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. അയനിക്കാട് ദേശീയപാതയോരത്ത് ലോറി ഓവുചാലിലേക്ക് താണുപോയി. മൂടാടി ദേശീയപാതയിൽ തണൽമരത്തിന്റെ വലിയ ശിഖരങ്ങൾ അടർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇരിങ്ങലിലും അയനിക്കാട്ടും നാല് വീടുകളിൽ വെള്ളം കയറി. കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ വാർഡിൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ ചെറുപുഴയിൽ ജലനിരപ്പ് ഉയർന്ന് വല്ലത്തായിപ്പാറ-കാരമൂല റോഡിൽ വല്ലത്തായി കടവിൽ വെന്റ് പൈപ്പ് പാലം വെള്ളത്തിൽ മുങ്ങി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
കടലുണ്ടിക്കടവ് മുതൽ ചാലിയം ബീച്ചുവരെ തീരദേശം ഭീഷണിയിലാണ്. വ്യാഴാഴ്ചയും ചില വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മണ്ണൂർ പാറക്കടവ് ഭാഗത്ത് കുടുംബത്തിൽ നാലുപേർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. രാമനാട്ടുകരയിൽ വെള്ളക്കെട്ട് നേരിട്ട് നിരീക്ഷിക്കാൻ ഡെപ്യൂട്ടി കലക്ടറും തഹസിൽദാരും എത്തി. ചാലിയത്തുനിന്ന് മത്സ്യബന്ധനത്തിനുപോയി കടൽക്ഷോഭത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താൻ കൊച്ചിയിൽനിന്ന് കപ്പൽ പുറപ്പെട്ടു. ഫറോക്കിൽനിന്ന് പുറ്റെക്കാട്ടേക്കുള്ള അടിപ്പാത വെള്ളത്തിലായി. ഗതാഗതം തടസ്സപ്പെട്ടു. ഫാറൂഖ് കോളജ് റോഡിൽ വൈദ്യുതിബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.