കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലയിൽ റോയ് തോമസ് വധക്കേസിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സാക്ഷിവിസ്താരം തുടരുന്നു. താൻ കൂടത്തായി വില്ലേജ് ഓഫിസർ ആയിരിക്കെ അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ച് ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീടും വസ്തുവും സംബന്ധിച്ച് എൻട്രികൾ ഉള്ള കൂടത്തായി വില്ലേജ് ഓഫിസിലെ എല്ലാ രജിസ്റ്ററുകളും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാക്കി കൊടുത്തിരുന്നതായി 166ാം സാക്ഷി വില്ലേജ് ഓഫിസർ കെ. ഷിജു മാറാട് സ്പെഷൽ ജഡ്ജി. എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി.
വില്ലേജ് ഓഫിസിൽനിന്ന് ജോളിയുടെ പേരിൽ കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഇടയായതിനെ കുറിച്ച് താൻ അന്വേഷണം നടത്തിയിരുന്നതായും യഥാർഥത്തിൽ വിൽപത്രം ഉള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും 168ാം സാക്ഷി ഡെപ്യൂട്ടി കളക്ടർ ലാൽ ചന്ദ് മൊഴി നൽകി. ഒന്നാം പ്രതിയുടെ അഭിഭാഷകൻ ബി.എ. ആളൂരിന്റെ അസൗകര്യം കാരണം എതിർ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ്, അഡ്വ. സഈർ അഹമ്മദ് എന്നിവർ ഹാജരായി. റവന്യൂ ഉദ്യോഗസ്ഥരുടെ വിചാരണ ചൊവ്വാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.