കോഴിക്കോട്: സാക്ഷമൂഹിക അകലത്തിെൻറ കാലത്ത് വായനശാലക്കുവേണ്ടി ഒരുമയുടെ കൈകോർത്ത് നാട്ടുകാർ. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാല ആൻഡ് ലൈബ്രറിക്കുവേണ്ടിയാണ് പ്രദേശവാസികൾ കൈമെയ്യ് മറന്ന് രംഗത്തിറങ്ങിയത്. ഒരു മാസത്തിലധികം നീണ്ട സേവനപ്രവർത്തനത്തിനൊടുവിൽ അടിമുടി മാറി പുതുജീവൻ ലഭിച്ചിരിക്കുകയാണ് വായനശാലക്ക്.
1948ൽ ആരംഭിച്ച വായനശാല കെട്ടിടം ഇടക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കാലപ്പഴക്കംമൂലം ഓടുമേഞ്ഞ മേൽക്കൂരയടക്കം അപകടാവസ്ഥയിലായിരുന്നു.
ഇതിനെ തുടർന്നാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നാട്ടുകാർ മുന്നിട്ടിറങ്ങിയത്. അതിെൻറ ഭാഗമായി ഭാസി മലാപ്പറമ്പ് ചെയർമാനായി വായനശാല പുനരുദ്ധാരണ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. 50,000 രൂപ ചെലവിട്ട് അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്താനായിരുന്നു പദ്ധതി.
എന്നാൽ, പ്രദേശവാസികൾ കൈയയഞ്ഞ് സഹായിച്ചതോടെ 1,20,000ത്തോളം രൂപ സംഭാവനയായി ലഭിച്ചു. ഇതിനു പുറമെ സൗജന്യ സേവനവുമായി ചെറുപ്പക്കാർ മുന്നോട്ടുവരുകയും സഹൃദയരായ വ്യവസായികളും കച്ചവടക്കാരും ആവശ്യമായ അസംസ്കൃത വസ്തുക്കൾ സൗജന്യമായി നൽകുകയും ചെയ്തതോടെ വിപുലമായ രീതിയിൽതന്നെ കെട്ടിടം പരിഷ്കരിച്ചു.
മേൽക്കൂര മുഴുവനായി മാറ്റി ഓടുമേയുകയും കെട്ടിടം പെയിൻറ് ചെയ്യുകയും അലമാരകളും മേശകളും ഇരിപ്പിടങ്ങളും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. മരാമത്ത് ജോലികളും പെയിൻറിങ്ങും ശുചീകരണപ്രവർത്തനങ്ങളും നാട്ടുകാർ സേവനമായാണ് നിർവഹിച്ചത്.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനിടയിലാണ് കെട്ടിടം പുനരുദ്ധരിച്ചത്. പുതുവർഷത്തെ ഗ്രന്ഥശാല ഗ്രാൻറ് ഉപയോഗിച്ച് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതോടെ ഈ സ്ഥാപനം മികച്ച വായനാകേന്ദ്രമാകുമെന്നാണ് പ്രതീക്ഷയെന്ന് വായനശാല സെക്രട്ടറി കെ. സുനിൽകുമാർ പറഞ്ഞു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പി.എ. കൃഷ്ണകുമാർ, അഡ്വ. എം.കെ. അയ്യപ്പൻ, കെ.പി. സദാശിവൻ, കെ. സനൽ, ചിറക്കൽ സനിൽ കുമാർ, യു.എ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.