കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ വടിവാൾ വീശി അഴിഞ്ഞാടി പൊലീസിനെയും പൊതുജനങ്ങളെയും മണിക്കൂറുകളോളം മുള്‍മുനയിൽ നിർത്തിയ ഗുണ്ടാസംഘത്തില്‍പെട്ട ഒരാളെക്കൂടി കസബ പൊലീസ് പിടികൂടി. ഒട്ടനവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതിയായ അമ്പായത്തോട് ആഷിക്ക് (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
നഗരത്തിൽ ഒരേസമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്ന രീതിയാണ് ഇയാളും സംഘവും അവലംബിച്ചിരുന്നത്. 25ന് രാത്രി പലസ്ഥലത്ത് വെച്ചായിരുന്നു ഇവർ ആക്രമണം നടത്തിയത്. ആനിഹാൾ റോഡിലൂടെ നടന്നുപോയ ആളുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചു.
അതിനുശേഷം കോട്ടപറമ്പ് പാർക്ക് റസിഡൻസി ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ട് പവൻ വരുന്ന സ്വർണമാലയും പണമടങ്ങിയ പഴ്സും കൂട്ടം ചേർന്ന് കത്തിവീശി ആക്രമിച്ച് പിടിച്ചു പറിച്ചു. പിന്നീട് മാവൂർ റോഡ് ശ്മശാനത്തിനു മുൻവശത്തുവെച്ച് പഴ്സ് പിടിച്ചുപറിക്കുന്നതായി അറിഞ്ഞ് കൺട്രോൾ റൂം വാഹനം സ്ഥലത്തെത്തിയപ്പോൾ വടിവാൾ കൊണ്ട് വെട്ടുകയും തുടർന്ന് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെമ്മണ്ണൂർ ഗോൾഡ് ഷോറൂമിന്റെ പിറകിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് താമസക്കാരന്റെ തലക്ക് കല്ല് കൊണ്ട് അടിച്ചു പണം കവർച്ച നടത്തുകയും ചെയ്ത സംഘത്തിൽപെട്ട പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. കാപ്പ വ്യവസ്ഥ ലംഘിച്ചാണ് ഇയാൾ കോഴിക്കോട് നഗരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.