കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ കേസിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതോടെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന സംശയം ബലപ്പെടുന്നു. ഏറെ വിവാദമായ കേസായതിനാൽ ഇരക്ക് അനുകൂലമായി തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നതായിരുന്നു മെഡിക്കൽ ബോർഡിന്റെ നീക്കം.
വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തുടർനടപടികൾക്കായാണ് ചൊവ്വാഴ്ച മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയക്ക് 10 മാസം മുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ റിപ്പോർട്ടിൽ അവരുടെ ശരീരത്തിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർട്ടറി ഫോർസെപ്സ് മെഡിക്കൽ കോളജിലേതാണെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. എന്നാൽ, അത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിലെ ഡോക്ടർമാരുടെ അഭിപ്രായം. എം.ആര്.ഐ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കത്രിക മെഡിക്കല്‍ കോളജില്‍നിന്നാണ് കുടുങ്ങിയതെന്ന് പറയാന്‍ സാധിക്കില്ലെന്ന മെഡിക്കല്‍ ബോര്‍ഡിലെ റേഡിയോളജിസ്റ്റ് ഡോ. പി.ബി. സലീമിന്റെ വാദത്തെ ഏഴു ഡോക്ടർമാരും അനുകൂലിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി കെ. സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജയദീപും ഇതിനെ എതിര്‍ത്തതിനാല്‍ ഇവരുടെ വിയോജനം രേഖപ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയത്. തലയുടെ എം.ആർ.ഐ ആണ് എടുത്തത്. അതിൽ വയറ്റിൽ കുടുങ്ങിയ ഉപകരണം കണ്ടെത്താനാകില്ല. അതിനാൽ, മുമ്പ് നടന്ന ശസ്ത്രക്രിയക്കിടയിലല്ല കുടുങ്ങിയതെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ വാദിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിൽനിന്ന് റേഡിയോളജിസ്റ്റിനെ ലഭിക്കാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ. മിനിമോൾ മാത്യുവിനെയാണ് മെഡിക്കൽ ബോർഡിലെ റേഡിയോളജി വിഭാഗം ഡോക്ടറായി ആദ്യം നിയമിച്ചത്. എന്നാൽ, പിന്നീട് ഇവരെ മാറ്റി ഡോ. പി.ബി. സലീമിനെ നിയോഗിച്ചു.
അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഡോ. മിനിമോൾ മാത്യു അവധിയായതിനാലാണു മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.
മെഡിക്കൽ ബോർഡിന്റെ വിശദ റിപ്പോർട്ട് ലഭിച്ചശേഷം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഈ മാസം ഒന്നിന് ബോർഡ് വിളിക്കാൻ തീരുമാനിച്ചു. എന്നാൽ, റോഡിയോളജിസ്റ്റിനെ ലഭിക്കാത്തതിനാൽ അന്നത്തെ യോഗം മാറ്റിവെച്ചു. തുടർന്ന് ഹർഷിനയും സമരസമിതി നേതാക്കളും ഡി.എം.ഒ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിന്നീടാണ് ബോർഡ് യോഗം ചേരൽ വേഗത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.