നാദാപുരം: ആടുകൾക്ക് പകർച്ചവ്യാധി വ്യാപകമാകുന്നതായി പരാതി ഉയർന്നിട്ടും പ്രതിരോധ പ്രവർത്തനം നടത്താതെ മൃഗസംരക്ഷണ വകുപ്പ്. വളയം കുറുവന്തേരിയിലെ ആട് കർഷകരാണ് മൃഗസംരക്ഷണ വകുപ്പിനെതിരെ പരാതി ഉന്നയിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി കുറുവന്തേരി കല്ലുംപുറത്ത് ആമിനയുടെ വീട്ടിലെ രണ്ട് ആടുകളാണ് പെട്ടെന്നുള്ള രോഗം ബാധിച്ച് ചത്തത്. വിറയലും തീറ്റയെടുക്കായ്മയും കൈകാൽ തളർച്ചയുമായിരുന്നു രോഗ ലക്ഷണങ്ങൾ. അവശനിലയിലാവുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. ചികിത്സക്കായി വിവിധ മൃഗാശുപത്രികൾ കയറിയിട്ടും ആവശ്യമായ സഹായം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. വ്യാഴാഴ്ച വളയം മൃഗാശുപത്രിയിൽ നിന്ന് സർജൻ സ്ഥലത്തെത്തി തീറ്റയെടുക്കാനുള്ള കുത്തിവെപ്പ് നൽകിയിരുന്നു.
പോസ്റ്റ്മോർട്ടം നടത്തി രോഗകാരണം കണ്ടെത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ അനുബന്ധ ഉപകരണങ്ങൾ വാങ്ങി നൽകിയാൽ മാത്രമേ പോസ്റ്റ്മോർട്ട നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന നിലപാട് ഉേദ്യാഗസ്ഥർ സ്വീകരിച്ചതോടെ ആടിനെ കുഴിച്ചുമൂടുകയായിരുന്നു.
വീട്ടിൽ അവശേഷിക്കുന്ന ബാക്കി ഇരുപതോളം ആടുകൾകൂടി ഇല്ലാതായാൽ കുടുംബത്തിന്റെ ജീവനോപാധി തന്നെ ഇല്ലാതാകുമെന്ന ഭീതിയിലാണ് കുടുംബം. സമീപത്തെ മറ്റു വീടുകളിലും ആടുകൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി ആസാദ് ക്ലബ് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.