കോഴിക്കോട്: ജില്ല കോടതിവളപ്പിൽ ബഹുനില ആധുനിക കെട്ടിടമുയർന്നിട്ടും പൊതുജനങ്ങൾക്ക് അത്യാവശ്യത്തിന് ശുചിമുറിയിൽ പോവണമെങ്കിൽ കെട്ടിടം വിട്ട് പുറത്തേക്കോടേണ്ട അവസ്ഥ. ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന കോടതിയിൽ അത്യാവശ്യകാര്യങ്ങൾക്ക് വഴിയില്ലാതെ കക്ഷികൾ ബുദ്ധിമുട്ടുകയാണ്.
കേസ് വിളിക്കുന്നതും കാത്ത് മണിക്കൂറുകൾ ചെലവഴിക്കുന്നവർക്ക് വലിയ പ്രയാസമാണുള്ളത്. ന്യായാധിപൻമാർക്കും അഭിഭാഷകർക്കും പൊലീസുകാർക്കും കോടതി ജീവനക്കാർക്കും വക്കീൽ ഗുമസ്ഥൻമാർക്കുമെല്ലാം ശുചിമുറികളുണ്ടെങ്കിലും കോടതിയിലെത്തുന്ന പൊതുജനങ്ങൾക്ക് കോടതിവളപ്പിന്റെ മൂലയിൽ പണം നൽകി ഉപയോഗിക്കാവുന്ന ഏതാനും മുറികൾ മാത്രമാണുള്ളത്.
പഴയ കെട്ടിടത്തിന് പിറകിൽ ലക്ഷദ്വീപ് കോടതി സമുച്ചയത്തിനടുത്തുള്ള ഇവക്ക് മുന്നിൽ പലപ്പോഴും നല്ല തിരക്കാണ്. കോടതിയിൽ മതിയായ ശുചിമുറിയില്ലെന്ന പരാതിക്ക് ഏറെനാളത്തെ പഴക്കമുണ്ട്. കോഴിക്കോട് കോടതി തുടങ്ങി ഇരുനൂറ് കൊല്ലം പൂർത്തിയായതിന്റെ ആഘോഷ സ്മാരകമായി പുതിയ ബൈസെന്റിനറി കോർട് കോംപ്ലക്സ് വരുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്.
എന്നാൽ, ആറുനില കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും അതിലുള്ള മുഴുവൻ ശുചിമുറികളും ഇപ്പോൾ ജീവനക്കാർക്ക് മാത്രം ഉപയോഗിക്കാവുന്നതാക്കി മാറ്റി. അത്യാവശ്യ കാര്യത്തിന് ശുചിമുറിക്ക് മുന്നിലെത്തുന്നവർ ‘സ്റ്റാഫ് ഓൺലി’ ബോർഡ് കണ്ട് കെട്ടിടത്തിന് പുറത്തേക്കോടണം. സ്ത്രീകളടക്കം വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു.
നേരത്തേ കോടതി വളപ്പിൽ ഗാന്ധിഗൃഹം ഭാഗത്തെ കാന്റീന് സമീപവും കോർട്ട് റോഡിൽനിന്നുള്ള പ്രവേശന കവാടത്തിനടുത്തും ശുചിമുറിയുണ്ടായിരുന്നെങ്കിലും പരിപാലനമില്ലാതെ നശിച്ചു. നൂറുകണക്കിന് വക്കീൽ ഗുമസ്തൻമാർക്ക് അവരുടെ ഓഫിസുകൾക്കടുത്തുള്ള ചെറിയ മുറിയാണുള്ളത്.
അത്യാവശ്യം നിർവഹിക്കാനാവാതെ തങ്ങളുടെ കക്ഷികൾ കുഴങ്ങുമ്പോൾ പലപ്പോഴും ക്ലർക്കുമാർ ശുചിമുറിയുടെ താക്കോൽ നൽകി രക്ഷകരാവുകയാണിപ്പോൾ. ബൈസെന്റിനറി കെട്ടിടം പുതിയതാണെങ്കിലും 2011ൽ രണ്ട് കൊല്ലം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയിട്ടതാണ്. ഇക്കാരണത്താൽ പഴയ കാഴ്ചപ്പാടിലുള്ള അത്യാവശ്യത്തിന് മാത്രം ശുചിമുറികളുള്ള കെട്ടിടമാണിതെന്നതും പോരായ്മയാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.