കോഴിക്കോട്: നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ മിക്കതും ശോച്യാവസ്ഥയിൽ. പഴയവയെല്ലാം കാലഹരണപ്പെട്ട് ആളുകയറാൻ പറ്റാതായി. നഗരസഭ നടത്തിപ്പിന് കൊടുത്തവയാവട്ടെ കാര്യമായ അറ്റകുറ്റപ്പണിയില്ലാതെ വൃത്തിഹീനവുമായി. ബസ് ബേകൾ ഒരു കൊല്ലത്തിനകം നവീകരിക്കുമെന്ന കോർപറേഷൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ശുചിത്വ പെരുമാറ്റച്ചട്ടത്തിൽ പറയുന്നുണ്ട്. മൂന്ന് കൊല്ലത്തിനകം നഗരത്തിലെ ബസ് വെയിറ്റിങ് ഷെഡുകൾ ഏകീകരിക്കണമെന്ന തീരുമാനവുമുണ്ടെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള നീക്കമൊന്നുമായിട്ടില്ല.
ഇടക്കിടക്ക് പെയ്യുന്ന മഴയിൽ കയറി നിൽക്കാനിടമില്ലാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. വെള്ളിമാട്കുന്ന്-മാനാഞ്ചിറ റോഡ് നവീകരണത്തിന് പദ്ധതിയുള്ളതിനാൽ വയനാട് റോഡിലെ പഴയ ബസ് കാത്തിരിപ്പ് ഷെഡുകളെല്ലാം നന്നാക്കാതെ കിടക്കുകയാണ്. സിവിൽ സ്റ്റേഷനു മുന്നിലും എരഞ്ഞിപ്പാലത്തും ക്രിസ്ത്യൻ കോളജിന് മുന്നിലുമെല്ലാം ഷെഡുകൾ ജീർണിച്ചു തുടങ്ങി. കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും പെട്ടെന്ന് മഴ പെയ്താൽ കയറി നിൽക്കാനുള്ള കേന്ദ്രങ്ങൾ കൂടിയാണ് ഈ ബസ് ഷെഡുകൾ. ക്രിസ്ത്യൻ കോളജിന് സമീപത്തെ മൃഗാശുപത്രി ബസ് സ്റ്റോപ്പിലെ ഷെഡിൽ മഴ പെയ്താൽ നിറയെ വെള്ളമാണ്. റോഡ് ഉയരം കൂടിയതോടെ അകത്ത് വെള്ളം കെട്ടി നിന്ന് നിറയെ ചളിയാണ്. മഴയും വെയിലുമേറ്റ് ബസ് കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോൾ.
വണ്ടിപ്പേട്ടയിൽ വടക്കോട്ട് പോകുന്ന ബസുകൾ കാത്തിരിക്കുന്നവർക്ക് വെയ്റ്റിങ് ഷെഡുകളില്ല. കടകൾ മിക്കതും റോഡരികിൽ നിന്ന് അകലെയായതിനാൽ മഴ കൊള്ളുകയല്ലാതെ വഴിയില്ല. നടക്കാവ് ക്രോസ് റോഡ്, എരഞ്ഞിപ്പാലം സ്റ്റോപ്പുകളിലും വേണ്ട വിധം ഷെഡില്ല.
ഓവുചാൽ നവീകരണത്തിന് തടസ്സമായി നിന്ന നടക്കാവ് ക്രോസ് റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പൊളിച്ചു മാറ്റിയെങ്കിലും പുതിയത് സ്ഥാപിച്ചില്ല. നഗരത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ബസ് കാത്തിരിക്കുന്ന സ്റ്റോപ്പാണ് നടക്കാവ്, വണ്ടിപ്പേട്ട എന്നിവിടങ്ങളിലേത്.
ഓവുചാൽ നവീകരണത്തിന് തടസ്സ മായതിനാലാണ് നടക്കാവ് ക്രോസ് റോഡിലെ മൂന്ന് ഷെഡുകളും മന്ത്രി ഇടപെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട ഏജൻസികൾ പൊളിച്ചു നീക്കിയത്. 2010ൽ നഗരസഭ നടപ്പാക്കിയ ഹൈടെക് ബസ് വെയിറ്റിങ് ഷെഡ് പദ്ധതിയിലുള്ള കേന്ദ്രങ്ങളെല്ലാം അറ്റകുറ്റപ്പണി നടത്താതെ അലങ്കോലമായി. 2020 ആഗസ്റ്റിൽ നഗരത്തിലെ പൊളിഞ്ഞ് തീരാറായ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ വീണ്ടും നവീകരിക്കാൻ നടപടി തുടങ്ങിയിരുന്നുവെങ്കിലും അതും കാര്യമായ ഫലം കണ്ടില്ല.
മൊത്തം 168 ബസ് വെയ്റ്റിങ് ഷെഡുകളിൽ 32 എണ്ണം ആധുനികവത്കരിക്കാൻ പദ്ധതിയിട്ടെങ്കിലും കോവിഡ് കാലത്ത് എല്ലാം മുടങ്ങി. നിയന്ത്രണങ്ങളെല്ലാം കഴിഞ്ഞ് നഗരം സാധാരണ നിലയിലായെങ്കിലും പഴയ അവസ്ഥ തുടരുകയാണിപ്പോഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.