കോഴിക്കോട്: ജില്ലയിൽ ഗാർഹിക പീഡന പരാതികൾ വർധിക്കുന്നുവെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. സർവംസഹകളായി പീഡനങ്ങൾ നിശ്ശബ്ദമായി സഹിച്ചിരുന്ന സ്ത്രീകൾ പരാതിപ്പെടുന്ന മാനസിക അവസ്ഥയിലേക്ക് എത്തി എന്നേ ഇതിന് അർഥമുള്ളൂ. വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കുക എന്നതാണ് ഇതിനുള്ള ഒരു പരിഹാരം. ഒരേ കുടുംബത്തിൽ തന്നെ ഭർത്താവിന്റെ അമ്മക്ക് എതിരെയും മരുമകൾക്ക് എതിരെയും കേസുകൾ ഉണ്ടാകുന്ന സാഹചര്യവുമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരാകുന്നവർക്ക് കുടുംബ-ദാമ്പത്യ ബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടാകുന്നതാണ് കണ്ടുവരുന്നത്. സാമ്പത്തിക പ്രശ്നങ്ങളും കാരണമാകുന്നുണ്ട്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വനിത കമീഷൻ അധ്യക്ഷ.
അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അധ്യാപികമാർ കടുത്ത ചൂഷണമാണ് നേരിടുന്നത്. പരാതിപ്പെട്ടാൽ തൊഴിൽ നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. അധ്യാപികമാർ കൈയിൽ വാങ്ങുന്ന ശമ്പളവും രേഖകളിലുള്ള ശമ്പളവും തമ്മിൽ വലിയ അന്തരമുണ്ട്. ഇതിന്റെ ഭാഗമായി പ്രശ്നങ്ങൾ അറിയുന്നതിന് കോഴിക്കോട് ജില്ലയിൽ സെപ്റ്റംബറിൽ പൊതു അദാലത്ത് സംഘടിപ്പിക്കുമെന്നും വനിത കമീഷൻ അധ്യക്ഷ പറഞ്ഞു.
ജില്ലതല അദാലത്തിൽ 18 പരാതികൾ തീർപ്പാക്കി. ആകെ 47 പരാതികൾ പരിഗണിച്ചു. മൂന്നു പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. 24 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി. ഒരു പരാതി ജാഗ്രത സമിതിയുടെ റിപ്പോർട്ടിനായും മറ്റൊന്ന് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ പരിഗണനക്കായും നൽകി. അദാലത്തിൽ വനിത കമീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. വി.ടി. ലിസി, അഡ്വ. റീന സുകുമാരൻ, കൗൺസിലർമാർ, വനിത കമീഷൻ ജീവനക്കാരായ ലക്ഷ്മി തമ്പാൻ, ടി. ആർ. ജയന്തി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.