കോഴിക്കോട്: കോവിഡ് സമയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അതിശ്രദ്ധയില്ലെങ്കിൽ രോഗവ്യാപനം വർധിക്കുമെന്ന് ആശങ്ക. സർക്കാറിെൻറയും തെരഞ്ഞെടുപ്പ് കമീഷെൻറയും മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള പ്രചാരണവും യോഗങ്ങളും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നടക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർക്കും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു മുന്നണിയുടെ ജില്ല യോഗത്തിൽ സാമൂഹിക അകലമില്ലാതെ സ്റ്റേജിൽ നിറയെ നേതാക്കളായിരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളാണ് അണിനിരന്നത്. മാസ്ക് ധരിക്കുന്നതിനപ്പുറമുള്ള കരുതലുകളില്ലാത്ത യോഗമായിരുന്നു അത്. യോഗത്തിനെത്തിയ അണികളും കാര്യമായ ശ്രദ്ധപുലർത്തിയില്ലെന്ന് ആക്ഷേപമുണ്ട്. വീട്ടിൽ വിശ്രമത്തിലുള്ള പ്രായമേറിയ പൗരപ്രമുഖരെ കാണാനും അനുഗ്രഹം വാങ്ങാനും വാർഡുകളിലെ സ്ഥാനാർഥികളും പ്രവർത്തകരുമെത്തുന്നതും പതിവാണ്. വീട്ടിലേക്ക് കയറി വരുന്നവരോട് മറുത്തൊന്നും പറയാനാവാത്ത അവസ്ഥയിലാണ് പലരും.
കോവിഡ് പ്രതിരോധത്തിൽ അതിപ്രധാനമായ സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും സ്ഥാനാർഥികളും പ്രവർത്തകരും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഭാരവാഹിയായ ഡോ. അജിത്ത് ഭാസ്കർ ഓർമപ്പെടുത്തുന്നു. പല നേതാക്കളും മാസ്ക് ധരിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങെളയോ പ്രവർത്തകരെയോ അഭിമുഖീകരിക്കുേമ്പാൾ മാസ്ക് താഴ്ത്തുന്നത് സ്ഥിതി ഗുരുതരമാകുമെന്ന് അജിത് ഭാസ്കർ പറഞ്ഞു. പരിശോധനകളുടെ എണ്ണം കുറഞ്ഞതിനാൽ കോവിഡ് കണക്കിൽ അൽപം കുറവുണ്ട്. എന്നാൽ, മരണനിരക്കിൽ വൻ വർധനവ് തുടരുകയാണ്. കോവിഡ് തുടങ്ങിയത് മുതൽ സെപ്റ്റംബർ 30 വരെ മരിച്ചവരുടെ അതേ എണ്ണമാണ് ഒക്ടോബറിലെ ഒരു മാസം മാത്രമുണ്ടായത്. കോവിഡിനെ മറന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ ആശുപത്രിയിൽ കിടക്കകൾപോലും മതിയാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ജില്ലയിൽ ഒക്ടോബർ ആദ്യവാരമുണ്ടായിരുന്ന ഉയർന്ന രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) കുറഞ്ഞു വരുന്നുണ്ട്. 14.42 ശതമാനമായിരുന്നു ഒക്ടോബർ ആദ്യവാരത്തിലെ ടി.പി.ആർ. നവംബർ രണ്ടാം വാരം 11.04 ആയി കുറഞ്ഞു. ഒക്ടോബർ രണ്ടാം വാരം പ്രതിവാര ശരാശരി പരിശോധനകൾ 8065 ആയിരുന്നു. ഈ മാസം രണ്ടാം വാരം ഇത് 7376 ആയി കുറഞ്ഞു. ആക്ടീവ് കേസുകളുടെ എണ്ണവും കുതിച്ചുയരുന്നില്ലെന്ന് മാത്രമല്ല, കുറയുന്നുമുണ്ട്.
എന്നാൽ, തണുപ്പുകാലം കൂടിയായ തെരഞ്ഞെടുപ്പ് സമയത്ത് അശ്രദ്ധയുണ്ടായാൽ രോഗവ്യാപനമേറും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്രെൻഡായ ചിഹ്നം പതിച്ച മാസ്കുകൾ ധരിക്കുന്നതും കരുതലോെട വേണം. ഇവയിൽ പലതും ആവശ്യത്തിന് കട്ടിയില്ലാത്തതാണെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.