കോഴിക്കോട്: ലോക്ഡൗൺ കാലത്ത് ജോലിക്ക് ആളെ കിട്ടാൻ പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി സഹായി. ശുചീകരണ പ്രവർത്തനങ്ങൾപോലെ അവിദഗ്ധ തൊഴിലുകൾ മുതൽ വൈദഗ്ധ്യം വേണ്ട തൊഴിലുകൾവരെ പൂർത്തിയാക്കാൻ സഹായി കൈത്താങ്ങാകും. എല്ലാത്തരം ജോലികളിലും വിദഗ്ധരായ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ചെറുപ്പക്കാരുടെ വാട്സ്ആപ് കൂട്ടായ്മയാണിത്.
ഒരു ഫോൺ കോളിന് അപ്പുറം സഹായവുമായി ഇവരെത്തും. പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ, പെയിൻറിങ്, കെട്ടിടനിർമാണം, ആശാരിപ്പണി, ശുചീകരണം, ടൈൽസ് പണി, കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യൽ, മാലിന്യശേഖരണം, തെങ്ങുകയറ്റം, മരംമുറി, കാട് വെട്ടൽ, തെങ്ങ് തുറക്കൽ, ഡ്രൈവിങ്, നിത്യോപയോഗ സാധനങ്ങൾ എത്തിക്കൽ തുടങ്ങിയ ജോലികൾ വീട്ടിലെത്തി നിർവഹിക്കും. ജില്ലക്കുള്ളിൽ മാത്രമാണ് നിലവിൽ സേവനങ്ങൾ ലഭ്യമാവുക.
മലാപ്പറമ്പ് സ്വദേശിയായ ഷിനോജ് പുളിയോളിയും പ്രജിത്ത് പുത്തൻപുരയും ചേർന്നാണ് വാട്സ്ആപ് ഗ്രൂപ് തുടങ്ങിയത്. പരിചയക്കാരും തൊഴിൽ വിദഗ്ധരുമായ 270 ഓളം പേരെ ഈ ഗ്രൂപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജോലി ചെയ്തു കൊടുക്കാൻ ആവശ്യപ്പെടുന്നവർക്ക് അത്തരം സഹായങ്ങൾ നൽകുന്നതോടൊപ്പം ജോലി നഷ്ടപ്പെട്ടവർക്ക് തൊഴിൽ നൽകാനും ഈ കൂട്ടായ്മ സന്നദ്ധരാണെന്ന് ഷിനോജ് പറഞ്ഞു. എന്നാൽ ഇതിന് പ്രത്യേകിച്ച് കമീഷൻ ഒന്നും ഈടാക്കുന്നില്ല. ചെയ്യുന്ന തൊഴിലിെൻറ കൂലി ജോലിചെയ്ത ആൾക്കുതന്നെ വാങ്ങാം. അതിൽ കൂട്ടായ്മക്ക് കമീഷൻ നൽകേണ്ട ആവശ്യമില്ല.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ആണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞു കൂട്ടായ്മ രൂപവത്കരിച്ചത്. അന്ന് നിരവധി ആളുകൾ ജോലിക്ക് സമീപിച്ചിരുന്നു. അതുകൂടാതെ കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ ഇരിക്കുന്നവർക്കും മരുന്ന് എത്തിക്കുക തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങളും സംഘം നടത്തുന്നുണ്ട്. സഹായങ്ങൾ ആവശ്യമുള്ളവർക്ക് 8089174821 എന്ന നമ്പറിൽ ഇവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.