കോഴിക്കോട്: മാവൂർറോഡ് മേഖലയിൽ വെള്ളക്കെട്ടിന് പ്രധാന കാരണമായ സ്റ്റേഡിയം ജങ്ഷനിലെ ഓവുചാലിലെ തടസ്സങ്ങൾ നീക്കാനുള്ള കലുങ്കുനിർമാണം തുടരുന്നു. രണ്ട് മാസത്തിനകം പണിതീർക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നു മാസമെടുക്കുമെന്നാണ് കരുതുന്നത്. കലുങ്ക് നിർമാണം തുടങ്ങി കുഴിയെടുക്കുമ്പോൾ കുടിവെള്ളത്തിന്റേയും വൈദ്യുതിയുടെയും ലൈനുകൾ തടസ്സങ്ങൾ സൃഷ്ടിക്കുന്നതാണ് കാരണം.
പഴയ റോഡ് ആയതിനാൽ ഏതുവഴിയാണ് പൈപ്പും കേബിളും പോവുന്നതെന്ന് വ്യക്തമാവാത്തതാണ് പ്രശ്നം. മഴയില്ലാത്തസമയത്തും മലിനജലം ഒഴുകുന്നതും തടസ്സമാകുന്നുണ്ട്. ഹോട്ടലുകളിൽനിന്ന് വെള്ളം ഓടയിൽ ഒഴുകിയെത്തുന്നുണ്ട്. ഓവുചാലിന് ഇരുവശവുമുള്ള റാം മോഹൻ റോഡിലെയും രാജാജി റോഡിലേയും ഓടകൾ വൃത്തിയാക്കുന്ന പ്രവൃത്തി കലുങ്കുനിർമാണം പൂർത്തിയായശേഷം തുടരും.
റാംമോഹൻ റോഡിലെ ഓടകളിൽനിന്ന് ഏറക്കുറെ മണ്ണ് നീക്കിയിട്ടുണ്ട്. കലുങ്കുപണി കഴിഞ്ഞാൽ കൂടുതൽ വെള്ളം മാവൂർ റോഡ് ഭാഗത്തെ ഓടയിലേക്ക് തിരിച്ചുവിടാനാവും. അതേസമയം, മാവൂർ റോഡിനും വെള്ളം ഒഴുകിയെത്തുന്ന കനോലി കനാലും ഒരേ നിരപ്പിലായതിനാൽ വേഗത്തിൽ വെള്ളം ഒഴുകിപ്പോകാനുള്ള സാധ്യത കുറവാണ്. ഓടയിൽ എല്ലാവിധ മാലിന്യങ്ങളും ഒഴുകിയെത്തുന്നതിനാൽ ഒഴുക്ക് ഏതുനേരവും തടസ്സപ്പെടുമെന്ന അവസ്ഥയാണുള്ളത്. കൾവർട്ടിന്റെ ഫൗണ്ടേഷൻ പ്രവൃത്തി ഒരുദിവസം കൊണ്ട് തീർക്കാമെങ്കിലും മലിനജലവും കേബിളും മറ്റുമായുള്ള തടസ്സങ്ങൾ കാരണം നീണ്ടുപോകുന്നു. കൾവെർട്ട് പ്രവൃത്തി പൂർത്തിയായാലേ ഇരുവശവുമുള്ള ഓട വൃത്തിയാക്കൽ നടക്കുള്ളൂ.
15 ലക്ഷം രൂപ ചെലവിൽ രാജാജി റോഡ്, റാംമോഹൻ റോഡ് എന്നിവിടങ്ങളിൽ കിഴക്ക് ഭാഗത്തുള്ള ഓടയിലെ തടസ്സങ്ങൾ നീക്കലും സ്റ്റേഡിയം ജങ്ഷനിലുള്ള ഓവുപാലം വലുതാക്കി നിർമിക്കുന്നതിന് 25 ലക്ഷം രൂപയുടെ പ്രവൃത്തിയുമാണ് പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്.
പണിനടക്കുന്നതിന്റെ ഭാഗമായി റാംമോഹൻ റോഡിലെ കിഴക്കുഭാഗം സ്ലാബുകൾ ഉയർത്തി മണ്ണുമാറ്റി. ഫൂട്പാത്തിലെ ടൈലുകൾ ഇളക്കിമാറ്റി. പണികഴിഞ്ഞ് മുഴുവൻ ടൈൽ വിരിച്ച് പഴയപടിയാക്കാനാണ് തീരുമാനം. ഇതേ രീതിയിൽ രാജാജി റോഡിലും ടൈലുകൾ മാറ്റും. ഓവുപാലം പണി തുടങ്ങിയതോടെ പുതിയറ റോഡിലും സ്റ്റേഡിയം ജങ്ഷനിലും ഗതാഗത നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.