കോഴിക്കോട്: സിവിൽ സർവിസെന്ന മോഹം പൂവണിയുമ്പോൾ 274ാം റാങ്കുകാരനായ അഫ്നാൻ അബ്ദുസ്സമദിന് സന്തോഷം മാത്രം. ഗൗരവത്തിൽ പഠിച്ച് പരീക്ഷയെഴുതിയിരുന്നുവെങ്കിലും പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡ് ഫജ്റയിലെ അബ്ദുസ്സമദ്-റംസീൻ ദമ്പതികളുടെ മകനായ അഫ്നാൻ അബ്ദുസ്സമദ് പറയുന്നു.
ട്രിച്ചി എൻ.ഐ.ടിയിൽനിന്ന് ബി.ടെക് പൂർത്തിയായ ഉടൻ ഐ.എ.എസ് മോഹം തലക്കുപിടിച്ചിരുന്നു. വെറുതെ ഒന്ന് ശ്രമിച്ചുവെങ്കിലും ആ തവണ പാസായില്ല. പിന്നീട് പുണെയിൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കി. എന്നാൽ, ഒരു വർഷം ജോലി ചെയ്തപ്പോൾ തന്നെ മനസ്സിലായി, തന്റെ തട്ടകം ഇതല്ലെന്ന്. ജോലി രാജിവെച്ച് സിവിൽ സർവിസിന് പഠിച്ചു. വെറുതെയായില്ല, 274ാം റാങ്ക് കരസ്ഥമാക്കി.
റവന്യൂ സർവിസായിരിക്കും ലഭിക്കാൻ സാധ്യതയെന്ന് അഫ്നാൻ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, വീണ്ടും ഒരു തവണകൂടി സിവിൽ സർവിസ് പരീക്ഷ എഴുതുകയും ഐ.എ.എസ് എന്ന സ്വപ്നം സഫലമാക്കുകയും ചെയ്യുകയാണ് അഫ്നാന്റെ ലക്ഷ്യം. പി.ബി. നൂഹ് ഐ.എ.എസാണ് പ്രചോദനം. നേരിട്ട് പരിചയമില്ലെങ്കിലും പത്തനംതിട്ട ജില്ല കലക്ടറായിരുന്നപ്പോൾ പ്രളയകാലത്ത് ചെയ്ത നല്ല പ്രവൃത്തികളാണ് തന്നെ ഐ.എ.എസിലേക്ക് നയിച്ചതെന്ന് അഫ്നാൻ പറഞ്ഞു. കോഴിക്കോട് സിൽവർ ഹിൽസിലായിരുന്നു അഫ്നാൻ പ്ലസ് ടു വരെ പഠിച്ചത്. എഹ്സാൻ, ഇർഫാൻ, ദയ്യാൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.