കോഴിക്കോട്: സ്വകാര്യ മരുന്നു വിതരണക്കാർ വിതരണം നിർത്തിവെച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വികസനസമിതിയുടെ ന്യായവില മരുന്നുഷോപ്പ് പൂട്ടിയിട്ടു. പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസിയാണ് വ്യാഴാഴ്ച അടച്ചിട്ടത്. സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ മൂന്നുദിവസം തുറക്കുന്നതല്ലെന്ന് ബോർഡ് വെച്ചാണ് പൂട്ടിയിട്ടിരിക്കുന്നത്. സാധാരണ മാർച്ച് മാസം അവസാനത്തിലാണ് സ്റ്റോക്കെടുപ്പ് നടക്കുന്നത്. മരുന്ന് സ്റ്റോക്ക് കുറഞ്ഞതിനാൽ ഇത് നേരത്തേയാക്കുകയിരുന്നുവെന്നാണ് അറിവ്. മരുന്നിന് എത്തിയവരോട് കാഷ് കൗണ്ടറിന് സമീപമുള്ള ഷോപ്പിൽനിന്ന് വാങ്ങാൻ പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. അവിടെ എത്തിയാൽ മരുന്ന് സ്റ്റോക്കില്ലെന്ന് പറഞ്ഞ് തിരിച്ചയക്കും.
എന്നാൽ, സ്റ്റോക്കെടുപ്പിനായാണ് ഷോപ്പ് അടച്ചിട്ടതെന്നും പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി വെള്ളിയാഴ്ച തുറക്കുമെന്നും പകരം കാഷ് കൗണ്ടറിന് സമീപമുള്ള ഷോപ്പ് സ്റ്റോക്കെടുപ്പിനായി അടച്ചിടുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. വാർഷിക കണക്കെടുപ്പിന് വേണ്ടിയാണ് അടച്ചിട്ടതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടും അറിയിച്ചു. അതേസമയം, വൃക്കരോഗികൾക്ക് ഡയാലിസിസിനുള്ള ഫ്ലൂയിഡും ഇഞ്ചക്ഷനും തീർന്നതായാണ് വിവരം. അത്യാവശ്യമുള്ള രോഗികൾ പണം കൊടുത്ത് പുറത്തുനിന്ന് വാങ്ങിയാണ് വ്യാഴാഴ്ച ഡയാലിസിസ് നടത്തിയത്. കാത്ത് ലാബിൽ നേരത്തേ വാങ്ങി സ്റ്റോക്ക് ചെയ്ത വളരെ കുറഞ്ഞ സ്റ്റന്റ് മാത്രമാണ് ബാക്കിയുള്ളത്. ആശുപത്രിക്കുള്ളിലെ ന്യായവില മെഡിക്കൽ ഷോപ്പിലും മരുന്ന് സ്റ്റോക്ക് ഗണ്യമായി കുറഞ്ഞു.
ഓർത്തോ വിഭാഗത്തിൽനിന്ന് പണമടച്ച് മരുന്ന് വാങ്ങാനെത്തിയ സ്ത്രീ കൗണ്ടറിൽ ബിൽ കാണിച്ചതും ഫാർമസിസ്റ്റിന്റെ മറുപടി. ‘ഇതിൽ ഒന്നു മാത്രമേ ഉള്ളൂ. ബാക്കി പുറത്തുനിന്ന് വാങ്ങണം’. തൊട്ടുപിന്നാലെ വയർ സംബന്ധമായ അസുഖത്തിന് ചികിത്സതേടി ഒറ്റപ്പാലത്തുനിന്ന് എത്തിയയാളുടെ കൂട്ടിരിപ്പുകാർക്ക് അഞ്ച് മരുന്നുകൾക്ക് പകരം ലഭിച്ചത് രണ്ടെണ്ണം മാത്രം. ബാക്കി കാരുണ്യയുടെ ഫാർമസിയിൽ കിട്ടുമോയെന്ന് നോക്കൂവെന്നും പറഞ്ഞു. മരുന്ന് ക്ഷാമം രൂക്ഷമായതോടെ അർബുദരോഗികൾ ഉൾപ്പെടെയുള്ളവര്‍ ദുരിതത്തിലാണ്.
സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിര്‍ധനരോഗികള്‍. കുടിശ്ശിക തീർക്കാത്തതിനെത്തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്നപരിഹാരത്തിന് വിതരണക്കാർ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മുകളിലേക്ക് അറിയിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.