കൊടുവള്ളി: ഡോ. എം.കെ. മുനീർ എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസംഗം വിവാദമാവുന്നു. ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മഹറൂഫ് നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ആഗസ്റ്റ് ഒന്നിന് വൈകീട്ട് കൊടുവള്ളിയിലെ എം.എൽ.എ ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചിനുശേഷം നടന്ന പ്രതിഷേധ യോഗത്തിലാണ് അധിക്ഷേപകരമായ പരാമർശമുണ്ടായത്.
കോഴിക്കോട്ട് നടന്ന എം.എസ്.എഫ് സമ്മേളനത്തിൽ ലിംഗസമത്വം സംബന്ധിച്ച് എം.കെ. മുനീർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ എം.കെ. മുനീർ എം.എൽ.എയുടെ ശാരീരികാവശതകളെ പരിഹസിച്ച് മഹറൂഫ് സംസാരിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.
എന്തു വില കൊടുത്തും നേരിടും –മുസ്ലിം ലീഗ്
കൊടുവള്ളി: ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഡോ. എം.കെ. മുനീർ എം.എൽ.എക്കെതിരെ സി.പി.എം നടത്തുന്ന കുപ്രചാരണം എന്തു വില കൊടുത്തും നേരിടുമെന്ന് കൊടുവള്ളി മണ്ഡലം ലീഗ് കമ്മിറ്റി. ഡി.വൈ.എഫ്.ഐ നേതാവ് മുനീറിനെതിരെ നടത്തിയ സംസ്കാരശൂന്യമായ പ്രസംഗം ആ സംഘടനയുടെ നിലവാരത്തകർച്ചയാണ് കാണിക്കുന്നത്. ഇതിനെതിരെ മുനിസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് വി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് കമ്മിറ്റി തീരുമാനിച്ച പൊളിറ്റിക്കൽ ക്ലാസ് ഓണാവധിയിൽ താമരശ്ശേരിയിൽ നടത്തും. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ്, ഇബ്രാഹീം എളേറ്റിൽ, വി. ഇൽയാസ്, വി.കെ. കുഞ്ഞായിൻകുട്ടി, കെ.പി. മുഹമ്മദൻസ്, കെ.എം. അഷ്റഫ്, പി.കെ. മൊയ്തീൻ ഹാജി, പി.എസ്. മുഹമ്മദലി, യു.കെ. ഉസ്സയിൻ, പി.സി. മുഹമ്മദ്, എ.പി. മജീദ്, കെ. കുഞ്ഞാമു, സി. മുഹമ്മദലി, വി.കെ. അബ്ദു ഹാജി, പി.ഡി. നാസർ, കെ.കെ.എ. ഖാദർ, ആർ.വി. റഷീദ്, എം. നസീഫ്, ഹാഫിസുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.