നാദാപുരം: ഇ.സി.ജി ടെക്നീഷ്യൻ വന്നു. എക്സ്റേ യൂനിറ്റിന്റെ പ്രവർത്തന സമയം കുറഞ്ഞു. നാദാപുരം താലൂക്ക് ആശുപത്രിയിലാണ് പുതിയ ജീവനക്കാരുടെ നിയമനത്തോടെ രോഗികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള പുതിയ സമയക്രമം നിലവിൽ വന്നത്. നേരത്തെ ആശുപത്രിയിലെ എക്സ്റേ ഇ.സി.ജി വിഭാഗത്തിൽ ജോലി നിർവഹിച്ചിരുന്നത് രണ്ടു ജീവനക്കാരായിരുന്നു.
ഇവർക്ക് ഇ.സി.ജി എടുക്കാനുള്ള യോഗ്യതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ ഒരു യുവജന സംഘടന ആശുപത്രിയിൽ പ്രതിഷേധ സമരം നടത്തുകയായിരുന്നു. സമരക്കാരുടെ ആവശ്യം പരിഗണിച്ച എച്ച്.എം.സി യോഗം ഇ.സി.ജി വിഭാഗത്തിലേക്ക് രണ്ട് ജീവനക്കാരെ മൂന്നു മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുകയും എക്സ്റേ വിഭാഗത്തിലുള്ള രണ്ടു പേരുടെ സേവനം ഒന്നാക്കി ചുരുക്കുകയുമായിരുന്നു.
രാത്രി എട്ടു മണിവരെ പ്രവർത്തിച്ചിരുന്ന എക്സ്റേ യൂനിറ്റിന്റെ സമയം രാവിലെ എട്ടു മുതൽ വൈകിട്ട് നാലു വരെയായി പുനഃക്രമീകരിക്കുകയും ഞായറാഴ്ച പൂർണ അവധിയും നൽകി. സമയം വെട്ടിച്ചുരുക്കിയ നടപടി ഒ.പി കഴിഞ്ഞ് ഉച്ചക്കുശേഷം ആശുപത്രിയിൽ എത്തുന്ന എക്സ്റേ ആവശ്യമായ നിരവധി രോഗികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫീസിനത്തിലും ബാധ്യത ഏറുകയാണ്.
150 രൂപയാണ് ആശുപത്രിയിൽ എക്സ്റേക്ക് ഈടാക്കുന്നത്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ ഇതിന് 600 മുതൽ 800 രൂപ വരെയാണ് ഈടാക്കുന്നത്. സ്വകാര്യ ക്ലിനിക്കുകളുടെ കീഴിൽ പ്രവർത്തിക്കുന്ന എക്സ്റേ യൂനിറ്റുകൾക്കാണ് സമയമാറ്റത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് പരാതി ഉയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.