ചാത്തമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോടും ടാറ്റ എൽക്സിയും ധാരണപത്രം ഒപ്പിട്ടു. ഇലക്ട്രിക് വാഹന ഡൊമെയ്നിൽ നടത്തുന്ന ഗവേഷണങ്ങളിൽ സഹകരണം ഉറപ്പാക്കാനാണ് ധാരണപത്രം ലക്ഷ്യമിടുന്നത്. ധാരണപത്രം അനുസരിച്ച്, ഇലക്ട്രിക് വാഹനമേഖലയിൽ പ്രവർത്തിക്കാൻ വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിന് ടാറ്റ എൽക്സിയുടെ ലബോറട്ടറി എൻ.ഐ.ടിസിയിൽ സ്ഥാപിക്കും. ഒരുകോടി രൂപ ഉപയോഗിച്ചാണ് ലബോറട്ടറി സ്ഥാപിക്കുക. ഇതിൽ 75 ലക്ഷം രൂപ ടാറ്റയും 25 ലക്ഷം രൂപ എൻ.ഐ.ടിയും അനുവദിച്ചു.
കോഴിക്കോട് എൻ.ഐ.ടിയും വ്യവസായ മേഖലകളുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ധാരണപത്രം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് വാഹനമേഖലയിൽ പരിവർത്തനം കൊണ്ടുവരുന്നതിന് വിദ്യാർഥികളെ സജ്ജരാക്കാനും സംരംഭം ലക്ഷ്യമിടുന്നു. സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ എൻ.ഐ.ടി ഡയറക്ടർ ഇൻ ചാർജും പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡീനുമായ പ്രഫ. പ്രിയ ചന്ദ്രനും ടാറ്റ എൽക്സി സി.ഇ.ഒയും എംഡിയുമായ മനോജ് രാഘവനും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ടാറ്റ എൽക്സി വൈസ് പ്രസിഡൻറും ട്രാൻസ്പോർട്ടേഷൻ ബിസിനസ് യൂനിറ്റ് മേധാവിയുമായ എസ്. ഷാജു, കാലിക്കറ്റ് എൻ.ഐ.ടിയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് (ഇ.ഇ.ഡി)വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. പി. പ്രീത, എൻ.ഐ.ടി.സി രജിസ്ട്രാർ ഡോ. ശാംസുന്ദര, റിസർച് ആൻഡ് കൺസൽട്ടൻസി ഡീൻ ഡോ. എൻ. സന്ധ്യാറാണി, സെന്റർ ഫോർ ഇലക്ട്രിക് വെഹിക്കിൾ എൻജിനീയറിങ് ഉപദേഷ്ടാവ് ഷിലൻ സഗുണൻ, ഇ.ഇ.ഡി അസിസ്റ്റന്റ് പ്രഫസർ ഡോ. നിഖിൽ ശശിധരൻ, ഇ.ഇ.ഡി അസിസ്റ്റന്റ് പ്രഫസർ ഡോ. ശ്രീലക്ഷ്മി എം.പി., ടാറ്റ എൽക്സി കോഴിക്കോട് സെന്റർ ഓപറേഷൻസ് മാനേജർ ശരത് നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.