കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് നടത്തിയ ഒ.പി ബഹിഷ്കരണം സർക്കാർ, സ്വകാര്യ ആശുപത്രികളെ ബാധിച്ചു. രാവിലെ മെഡി. കോളജ് ഒ.പിയിൽ എത്തിയപ്പോഴാണ് രോഗികൾ സമരത്തെക്കുറിച്ചറിയുന്നത്. മറ്റു ജില്ലകളിൽ നിന്നടക്കമെത്തിയ രോഗികൾ വലഞ്ഞു.
ഒ.പി ടിക്കറ്റ് രാവിലെ എട്ടുമുതൽ വിതരണം ചെയ്തിരുന്നു. പിന്നീടാണ് ഡോക്ടർമാർ സമരത്തിലാണെന്നുപറഞ്ഞ് രോഗികളെ തിരിച്ചയക്കാൻ നോക്കിയത്. ഇത് രോഗികളുടെ പ്രതിഷേധത്തിന് കാരണമായി. പിന്നീട് പി.ജി ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. പി.ജി ഡോക്ടർമാർ ഒരു മണിക്കൂർ സമരം നടത്തിയ ശേഷം രോഗികളെ പരിശോധിക്കാൻ തയാറായതിനാൽ ഒ.പിയിൽ വലിയ പ്രതിസന്ധിയുണ്ടായില്ലെന്ന് പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി ‘മാധ്യമ’ത്തോട് പറഞ്ഞു.
ബീച്ച് ജനറൽ ആശുപത്രിയിൽ സമരം കാര്യമായി ബാധിച്ചു. അത്യാഹിത വിഭാഗത്തിലെ ഒ.പി വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്. ഇവിടെ രോഗികളുടെ നീണ്ട ക്യൂ രൂപപ്പെട്ടു. പരമാവധി രോഗികളെ കാഷ്വാലിറ്റിയിൽ നോക്കിയതായി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു പറഞ്ഞു. കോട്ടപ്പറമ്പ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിയ രോഗികളെ അത്യാഹിത വിഭാഗത്തിൽ പരിശോധിച്ചു.
ആശുപത്രിയിലെത്തിയ 212 രോഗികളെ പരിശോധിച്ചതായി സൂപ്രണ്ട് ഡോ. എം. സുജാത പറഞ്ഞു. നഗരപരിധിയിലെയും പരിസരത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും സമരം പൂർണമായിരുന്നു. ആയിരത്തോളം ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തതായി ഐ.എം.എ സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.