കോഴിക്കോട്: വേനൽ കടുത്തതോടെ മനുഷ്യരെപോലെതന്നെ വിഷമത്തിലാണ് വളർത്തുമൃഗങ്ങളും പക്ഷികളും. കന്നുകാലികൾ, പൂച്ച, പലതരം അലങ്കാര പക്ഷികൾ, നായ്ക്കൾ, അലങ്കാര മീനുകൾ തുടങ്ങിയവയെല്ലാം ചൂടുമൂലമുള്ള പലതരം രോഗങ്ങളാൽ വലയുകയാണ്. നിർജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഇവയെ കൂടുതലായും ബാധിക്കുന്നത്. മനുഷ്യരിലെന്നപോലെ സൂര്യാതപത്തിന്റെ പ്രത്യാഘാതങ്ങൾ മൃഗങ്ങളിലും കണ്ടുവരുന്നു. കന്നുകാലികളുടെ മരണത്തിനുവരെ ഇത് കാരണമാകാറുണ്ട്. ചൂടുമൂലം പക്ഷിമൃഗാദികൾക്ക് വിശപ്പും പ്രതിരോധ ശേഷിയും കുറയും. വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽനിന്നും ധാതുലവണങ്ങൾ നഷ്ടമാകുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ വർധിക്കാൻ ഇടയാകും. വളർത്തുപക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചർമവും രോമം കൊഴിച്ചിലും വ്യാപകമായിട്ടുണ്ട്.
കന്നുകാലികളിലെ നിർജലീകരണം പാലുൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പൾ കന്നുകാലികളുടെ ശരീരതാപനില ഉയർന്ന് നിർജലീകരണം സംഭവിക്കുന്നു. ഇതുമൂലം പാലിന് കട്ടികൂടുകയും അതേസമയം അളവ് കുറയുകയും ചെയ്യും. കനത്ത ചൂടിൽ കന്നുകാലികൾക്ക് പച്ചപ്പുല്ലാണ് നൽകേണ്ടത്. ഇത് ആവശ്യത്തിന് കിട്ടാനില്ലെന്നതും പാലുൽപാദനം കുറയാൻ കാരണമായിട്ടുണ്ട്. തുറസ്സായ പ്രദേശങ്ങൾ, വയലുകൾ എന്നിവിടങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾക്ക് സൂര്യാഘാതം ഉണ്ടാകുന്നു. അതിനാൽ പകൽ സമയത്ത് തണലുള്ള പ്രദേശങ്ങളിൽ കന്നുകാലികളെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വിയർപ്പുഗ്രന്ഥികൾ പൊതുവേ കുറഞ്ഞിരിക്കുന്നതിനാൽ അമിതമായ ചൂട് നായ്ക്കളെയും ബാധിക്കാറുണ്ട്. കിതപ്പോടുകൂടിയ ശ്വാസോച്ഛ്വാസം, ഛർദി, നാക്കും മോണകളും ചുവന്ന നിറത്തിലാവുക, വായിൽനിന്നും കൊഴുത്ത ഉമിനീർ ഒഴുകൽ എന്നിവയെല്ലാം നായ്ക്കളിലെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ദാഹമുണ്ടാകുമ്പോൾ കുടിക്കാൻ പാകത്തിൽ വെള്ളം സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
പക്ഷികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. മൃഗങ്ങൾ ശരീരതാപനില കുറക്കാൻ ഒരു പരിധിവരെ കഴിയുമെങ്കിലും പക്ഷികൾക്ക് ഇതിനുള്ള കഴിവില്ല. അതുകൊണ്ട് ചൂടു അമിതമായാൽ കുഴഞ്ഞുവീണ് ചാകുന്നതിനുള്ള സാധ്യത കൂടുതലാണ്. കോഴിക്കൂടുകൾ/പക്ഷിക്കൂടുകളിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. പകൽ സമയത്ത് കൂടുകളിൽ കുടിക്കാനുള്ള ശുദ്ധ ജലം കരുതുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുകളുടെ മേൽക്കൂരയിൽ തണുപ്പ് നൽകണം. വള്ളിച്ചെടികളും മറ്റും കൂടിന് മുകളിൽ വളർത്തിവിടുന്നത് കൂടിനുള്ളിൽ തണുപ്പ് സംരക്ഷിക്കുന്നത് നന്നായിരിക്കും. മൃഗങ്ങളായാലും പക്ഷികളായാലും സൂര്യാഘാതമേറ്റെന്ന് തോന്നിയാൽ ഉടൻ വെള്ളമൊഴിച്ച് നന്നായി നനക്കുക. കുടിക്കാനായി ധാരാളം വെള്ളം നൽകുക. രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡിസ്പെൻസറിയിൽ ചികിത്സ തേടുക എന്നിവയാണ് അടിയന്തരമായി ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.