കൂരാച്ചുണ്ട്: യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയെങ്കിലും കൂരാച്ചുണ്ട് പഞ്ചായത്തിൽ മുസ്ലിംലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളാവുന്നു. കോൺഗ്രസിനെ മാറ്റിനിർത്തി ഇടതുപക്ഷവുമായി ചേർന്ന് ഭരിക്കണമെന്നും ലീഗിൽ അഭിപ്രായമുയരുന്നുണ്ട്. സീറ്റ് വിഭജന സമയത്തുതന്നെ ഇവിടെ ലീഗും കോൺഗ്രസും തമ്മിൽ കലഹമായിരുന്നു.
12ാം വാർഡിൽ ഇരു പാർട്ടികളും സ്ഥാനാർഥിയെ നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫ് വോട്ട് പങ്കുവെക്കപ്പെട്ടതോടെ അവിടെ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു. മുസ്ലിംലീഗ് സ്ഥാനാർഥികളെ കോൺഗ്രസ് കാലുവാരിയെന്ന് ലീഗ് ആരോപിക്കുന്നു.
എട്ടാം വാർഡിൽ മുസ്ലിംലീഗ് സ്ഥാനാർഥി ഷക്കീന കുഞ്ഞുമോൾ 19 വോട്ടിന് തോൽക്കാൻ കാരണം ഇതാണെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ ഇവിടെ യു.ഡി.എഫ് 127 വോട്ടിനു വിജയിച്ചിരുന്നു. മുസ്ലിംലീഗ് നേതാവ് ഒ.കെ. അമ്മത് മത്സരിച്ച ഒമ്പതാം വാർഡിൽ 44 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്.
ഇവിടെ കോൺഗ്രസ് വിമതൻ 120 വോട്ട് പിടിച്ചു. ഇവിടെയും തോൽപിക്കാനുള്ള ശ്രമം നടന്നതായി ലീഗ് ചൂണ്ടിക്കാട്ടുന്നു. 13 സീറ്റിൽ കോൺഗ്രസിന് ആറും മുസ്ലിംലീഗിന് രണ്ടും ആണുള്ളത്. എൽ.ഡി.എഫിൽ സി.പി.എമ്മിനും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും രണ്ടു വീതം സീറ്റുമുണ്ട്.
കേരള കോൺഗ്രസ് വിമതനും വിജയിച്ചിട്ടുണ്ട്. ലീഗിെൻറ രണ്ടും വിമതനുൾപ്പെടെ എൽ.ഡി.എഫിെൻറ അഞ്ചും കൂട്ടിയാൽ കേവല ഭൂരിപക്ഷം ലഭിക്കും.ഈ നീക്കം അവസാന ഘട്ടത്തിൽ നോക്കാനാണ് ലീഗ് നീക്കം. യു.ഡി.എഫിൽ പ്രസിഡൻറ് പദം പങ്കുവെക്കണമെന്ന ലീഗ് ആവശ്യം നിരസിച്ചാൽ മാത്രമാവും കടുത്ത തീരുമാനമുണ്ടാവുക. അതിനിടെ, കേരള കോൺഗ്രസ് വിമതനെ വരുതിയിലാക്കാനുള്ള ശ്രമവും കോൺഗ്രസ് ഭാഗത്ത് നടക്കുന്നുണ്ട്.
കൂരാച്ചുണ്ടിലെ കോൺഗ്രസിനുള്ളിലും തർക്കമുണ്ട്. ഐ ഗ്രൂപ്പിനെ ഒതുക്കിയെന്നാണ് പരാതി. തോറ്റവർ മിക്കതും ഐ ഗ്രൂപ്പുകാരാണ്. കൂരാച്ചുണ്ട് ബ്ലോക്ക് ഡിവിഷനിൽ മുൻ പഞ്ചായത്ത് പ്രസിഡൻറും ഐ ഗ്രൂപ് നേതാവുമായ ഗീത ചന്ദ്രെൻറ തോൽവി കോൺഗ്രസിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. 2000ത്തിലധികം വോട്ടിെൻറ ഭൂരിപക്ഷമുള്ള ഡിവിഷനിലാണ് ഗീത അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.