കോഴിക്കോട്: ഓടിക്കാനാളില്ലാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞശേഷം ടാഗോർ ഹാളിന്റെ മൂലിക്കിട്ടിരുന്ന കോർപറേഷൻ ഇ-ഓട്ടോകൾ വ്യാഴാഴ്ച മുതൽ മാലിന്യ സംഭരണത്തിനിറങ്ങി. ഹരിതകർമ സേനയിൽ ഡ്രൈവിങ് ലൈസൻസുള്ള ആറിൽ അഞ്ചുപേരാണ് വണ്ടിയിറക്കിയത്. ഓരോവാർഡിലും ക്രമപ്രകാരം ഇനിമുതൽ വാഹനങ്ങൾ ഓടിത്തുടങ്ങുമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ അറിയിച്ചു.
മൊത്തം 75 വാർഡുകളിലും ഓട്ടോകൾ ഏർപ്പെടുത്താനായിരുന്നു കോർപറേഷൻ തീരുമാനം. അതിൽ 30 എണ്ണം ഉദ്ഘാടനച്ചടങ്ങിൽ തന്നെ എത്തിയിരുന്നു. 14 എണ്ണത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. മാസങ്ങളായി 30 വാഹനങ്ങൾ വെറുതെ കിടക്കുന്നത് വിവാദമായതിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്.
ഇ-ഓട്ടോ ആയതിനാൽ ഓടിക്കുമ്പോൾ പ്രത്യേക പരിശീലനം വേണമെന്നതാണ് പ്രശ്നമായത്. മറ്റ് വാഹനങ്ങളേക്കാൾ വേഗം കൂടുതലാണെന്നതും 40 കിലോമീറ്ററിനു മുകളിൽ സൂക്ഷിച്ചില്ലെങ്കിൽ വാഹനം ചരിയാനും സാധ്യതയുണ്ട്.
മെഡിക്കൽ കോളജ് സർക്കിളിന്റെ പരിധിയിലാണ് വ്യാഴാഴ്ച വണ്ടികൾ ഓടിയത്. ഓരോ വാർഡിലെയും വിവിധ സർക്കിളുകൾക്കുള്ള വണ്ടികൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. അതത് വാർഡുകളിൽ അവിടത്തേക്കുള്ള വണ്ടികളാണ് ഡ്രൈവർമാർ ഇറക്കുക എന്നതിനാൽ എല്ലാ വണ്ടികളും ഓടിക്കാനുമാവും. ടാഗോർ ഹാളിലാണ് തൽക്കാലത്തേക്ക് വാഹനം ചാർജ് ചെയ്യുന്നത്. അതത് സർക്കിളുകൾക്ക് കീഴിൽ ഉടൻ ചാർജ് ചെയ്യാൻ സംവിധാനമൊരുക്കും.
ഡ്രൈവർമാർക്കുള്ള ഇന്റർവ്യൂ കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിയമനം നടത്താനാവാത്തതാണ് പുതിയ ഡ്രൈവർമാരെ നിയമിക്കാനാവാത്തതെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ അജൈവ മാലിന്യ ശേഖരണത്തിന് തയാറാക്കിയ ഓട്ടോ റിക്ഷകൾ ഉദ്ഘാടനം ചെയ്ത് നാല് മാസം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തത് വിവാദമായിരുന്നു.
ജനുവരി 12ന് മന്ത്രി എം. ബി. രാജേഷ് കണ്ടംകുളം ഹാളിലാണ് വിതരണം നടത്തിയത്. കേന്ദ്ര സർക്കാറിന്റെ നഗരസഞ്ചയം പദ്ധതിയിലായിരുന്നു വിതരണം. വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിലെ ഇൻഡസ്ട്രി ഓൺ കാമ്പസിലാണ് ഓട്ടോകൾ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.