കോഴിക്കോട്: മണപ്പുറം ഫിനാൻസിെൻറ മാവൂർ റോഡ് ശാഖ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. സ്ഥാപനത്തിലെ ഇടപാടുകാരുടെ പണമാണ് തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ മാനേജർ തലക്കുളത്തൂർ അന്നശ്ശേരി സ്വദേശി കരിങ്ങാളി മീത്തൽ ജിൽത്തിനും മണപ്പുറം ഫിനാൻസ് മാവൂർ റോഡ് ശാഖ അധികൃതർക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളെടുത്തെന്നും കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ എത്ര രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാവൂ എന്നും പൊലീസ് അറിയിച്ചു. ഭൂമിയുടെ ആധാരം പണയപ്പെടുത്തി സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തവരുടെ തിരിച്ചടവ് തുകയിൽ കൃത്രിമം വരുത്തിയാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. നാലുപേരാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. അടുത്ത ദിവസം കൂടുതൽപേർ പരാതി നൽകുമെന്നാണ് വിവരം.
പൂനൂർ കോളിക്കൽ സ്വദേശി രജ്ല റംഷീർ 14 സെൻറ് പണയപ്പെടുത്തി നേരത്തെ 4.39 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കുറച്ച് തുക മാസ തവണയായി അടച്ചശേഷം ഒത്തവണ തീർപ്പാക്കലിൽ 4.31 ലക്ഷം രൂപ മാർച്ചിൽ അടച്ചു.
രണ്ടാഴ്ചകൊണ്ട് ആധാരം തിരികെ തരാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ കിട്ടിയില്ല. മാത്രമല്ല, ഇതിനിടെ മാസ അടവ് മുടങ്ങിയെന്ന് കാണിച്ച് ഇവർക്ക് അറിയിപ്പും വന്നതോടെയാണ് സ്ഥാപനത്തിലെ കാഷ് കൗണ്ടറിലടച്ച് രസീതി വാങ്ങിയ തുക അക്കൗണ്ടിൽ എത്തിയില്ലെന്ന് വ്യക്തമായത്.
കക്കയം സ്വദേശിനി നുസൈബ കുഞ്ഞിമൂസ വീടുള്ള നാലു സെൻറ് പണയപ്പെടുത്തി 1.32 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ഇതിൽ 1.18 ലക്ഷം രൂപ കൈപ്പറ്റുകയും 65,000 രൂപ തവണകളായി തിരിച്ചടക്കുകയും ചെയ്തു. ലോക്ഡൗണിൽ അടവ് മുടങ്ങിയതോടെ സ്ഥാപന അധികൃതർ വീട്ടിലെത്തി ജപ്തിനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാട്ടുകാർ പിരിവെടുത്ത് 1.30 ലക്ഷം രൂപ ഒറ്റത്തവണയായി അടച്ച് വായ്പ തീർത്തു. പിന്നീട് ആധാരത്തിന് ചെന്നപ്പോൾ 64,000 രൂപ കൂടി അടക്കാനുണ്ടെന്നറിയിച്ചു. തുടർന്ന് സ്റ്റേറ്റ്മെൻറ് പരിശോധിച്ചപ്പോൾ 1.30 ലക്ഷം അടച്ചപ്പോൾ അക്കൗണ്ടിലെത്തിയത് 90,000 രൂപ മാത്രമാണെന്ന് കണ്ടെത്തി.
തൊട്ടിൽപാലം കോതോട് സ്വദേശി രാഹുൽ ഏഴ് സെൻറ് പണയപ്പെടുത്തി എട്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇദ്ദേഹത്തിെൻറ ചെക്ക് ലീഫുകളും രേഖകളും പണയപ്പെടുത്തി ജിൽത്ത് മറ്റൊരു ധനകാര്യ സ്ഥാപനത്തിൽനിന്ന് 15 ലക്ഷം രൂപ വായ്പയെടുക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇദ്ദേഹം ആരോപണ വിധേയനെ തന്ത്രത്തിൽ സ്റ്റേഷനിലെത്തിച്ചെങ്കിലും അറസ്റ്റുൾപ്പെടെ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടില്ല. അതേസമയം, കെ.എം. ജിൽത്തിനെ ഒരു മാസം മുമ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടതാണെന്ന് മണപ്പുറം ഫിനാൻസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.